ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു?!

പല പല താത്പര്യങ്ങളുടെ പേരില്‍, പല തരം അജണ്ടകളുടെ മറവില്‍ ‘സമസ്ത എന്ത് ചെയ്തു’? ‘ഡല്‍ഹിക്ക് വണ്ടി കയറണോ’? എന്നൊക്കെ നിഗൂഢ ചോദ്യങ്ങള്‍ ഉരുവിടുന്ന എല്ലാവരും വായിക്കുക.
എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എഴുതുന്നു.

ചെമ്പരിക്ക ഖാസി കേസിൽ സമസ്ത എന്ത് ചെയ്തു

ആർക്കും എവിടെ ഇരുന്നും എപ്പോഴും ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. ചോദ്യകർത്താക്കൾ എന്തു ചെയ്തു എന്ന് ചോദിച്ചാൽ അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നുവെന്ന് മാത്രമാണതിന് ഉത്തരം. കേസിൽ ഇക്കാലയളവിൽ – ലോക്കൽ പോലീസ് മുതൽ സി ബി ഐ അന്വേഷണം വരെയുള്ള ഘട്ടങ്ങളിലൊക്കെ ആരൊക്കെ പ്രവർത്തിച്ചു ? സമരങ്ങൾ നടത്തി ? നിയമ പോരാട്ടം നടത്തി ? പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു ? ജനപ്രതിനിധികളെ കണ്ടു വിഷയം ധരിപ്പിച്ചു ? സമ്മേളനങ്ങൾ വിളിച്ചു ചേർത്ത് പൊതുജനങ്ങളെ അറിയിക്കേണ്ടത് യഥാസമയം അറിയിച്ചു ? ഇവിടെയൊന്നും ചോദ്യകർത്താക്കളെ അന്വേഷിക്കരുത്.

ചെമ്പരിക്ക കടലിൽ മയ്യിത്ത് കണ്ടെത്തിയത് മുതൽ സി ബി ഐ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് വാർത്തകൾ വരുന്ന ഈ സമയത്തും കേസിൽ സത്യാവസ്ഥ പുറത്ത് വരണമെന്ന കാര്യത്തിൽ സമസ്തയിലോ കീഴ്ഘടകങ്ങളില്ലാ രണ്ടഭിപ്രായമില്ല. എന്നാൽ കാസർഗോഡ് ജില്ലയിൽ നിന്ന് വിഷയത്തിൽ മറ്റുള്ളവരേക്കാൾ ആർജവത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടവർ അലംഭാവം കാണിച്ചതിന് സമസ്ത ഉത്തരവാദിയല്ല. അതിൽ സഹപ്രവർത്തകർ, രാഷ്ട്രീയ പ്രമുഖർ , സ്ഥാപന മാനേജ്മെന്റ് etc… അങ്ങനെ പലരുമുണ്ടാകാം .
ഇനി ഇടപെടുന്നുവെന്ന വ്യാജേന ഒട്ടേറെ ആക്ഷൻ കമ്മിറ്റികൾ അക്കാലത്ത് കാസർഗോഡ് പ്രദേശങ്ങളിൽ രംഗത്ത് വന്നിരുന്നു. ഒരേ വിഷയത്തിൽ ഒട്ടേറെ ആക്ഷൻ കമ്മിറ്റികൾ പ്രവർത്തിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ. അവർ എവിടെപ്പോയി ? അവരുടെ ഉദ്ദേശമെന്തായിരുന്നു ? ഇക്കാര്യത്തിൽ അവരുടെ സംഭാവന എന്തൊക്കെയാണ് ? അവർ ഇപ്പോൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനമെന്താണ് ?

സംഭവം നടന്ന ദിവസം തന്നെ അന്നത്തെ എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായ് കാസർഗോഡ് വാർത്താ സമ്മേളനം നടത്തി സംഭവത്തിലെ ദുരുഹത പുറത്തു കൊണ്ടുവരണമെന്നും ഇത് കൊലപാതകമാണെന്നും വിളിച്ചു പറഞ്ഞു. അന്ന് അതിനെതിരെ പ്രതികരിച്ചത് സമസ്തയല്ല; ആരാണെന്ന് ചോദ്യക്കാർക്ക് അന്വേ ഷിക്കാം. ബുർദയുടെ കാവ്യശകലം ചൂണ്ടിക്കാണിച്ച് തെറ്റുദ്ധാരണ പരക്കുന്ന വിധം സായാഹ്ന പത്രങ്ങളിൽ വാർത്ത പ്രചരിച്ചപ്പോൾ അതിന് ഔദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അടുത്ത ദിവസം പത്രങ്ങളിൽ തിരുത്ത് വരുത്താൻ ശ്രമിച്ചപ്പോൾ അതിൽ അലംഭാവം കാണിച്ചത് സമസ്തയല്ല; ആരാണെന്ന് ചോദ്യക്കാർക്ക് അന്വേ ഷിക്കാം.
ക്രൈംബ്രാഞ്ച് അന്വേഷണം മെല്ലെപ്പോക്ക് തുടങ്ങിയപ്പോൾ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമിതി രൂപീകരിച്ചു. മുസ്തഫ മുണ്ടുപാറയായിരുന്നു അതിന്റെ ജനറൽ കൺവീനർ. കാളമ്പാടി ഉസ്താദ് , ചെറുശ്ശേരി ഉസ്താദ് , കോട്ടുമല ബാപ്പു മുസ്ലിയാർ തുടങ്ങിയ അന്നത്തെ സമസ്ത നേതാക്കൾ ഈ നീക്കത്തെ തടയാനല്ല; പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും മാത്രമാണ് ഉണ്ടായിരുന്നത്.
പ്രമാദമായ ഈ കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാൻ ഉസ്താദുമാരുമായി കൂടിയാലോചിച്ച് പ്രക്ഷോഭ സമിതി തീരുമാനിച്ചു. സമര പ്രഖ്യാപന സമ്മേളനം കാസർഗോഡ് ബസ്റ്റാന്റ് പരിസരത്ത് നടന്നപ്പോൾ ആയിരങ്ങളാണ് അവിടെ സമരാവേശത്തോടെ സംബന്ധിച്ചത്.
ചെമ്പരിക്ക ഖാസി കേസുമായി ബന്ധപ്പെട്ട് അന്തപുരിയിൽ ശ്രദ്ദേയമായ സമരമാണ് പിന്നീട് നടന്നത്. 2012 ജനുവരി 5ന് എസ് കെ എസ് എസ് എഫ് പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നൂറുകണക്കിന് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തത് സംഘടനയുടെ അന്നത്തെ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും അധ്യക്ഷത വഹിച്ചത് പ്രക്ഷോഭ സമിതി കൺവീനർ മുസ്തഫ മുണ്ടുപാറയുമായിരുന്നു. കേസ് സി ബി ഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ ആ സമരം ഫലം കണ്ടു. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള കുറ്റാന്വേഷണ ഏജൻസി അവരുടെ ദൗത്യം ആരംഭിച്ചതോടെ പിന്നീട് സമരത്തിന്റെ പ്രസക്തി കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന അന്വേഷണ റിപ്പോർട്ട് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു. ആത്മഹത്യയെന്ന് എഴുതിവെച്ച സി ബി ഐ റിപ്പോർട്ട് വലിച്ചെറിഞ്ഞ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭമാരംഭിച്ചത് സമസ്തയുടെ കീഴ്ഘടകങ്ങളായിരുന്നു. അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ട് വിഷയത്തിൽ ഇടപെടാൻ നിവേദനം നൽകിയത് സമസ്ത നേതാക്കൾ തന്നെയായിരുന്നു. ഇനിയും അന്വേഷണം നടത്തിയാൽ ഖബർ തുറക്കേണ്ടി വരുമെന്ന് പറഞ്ഞ് പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സമസ്ത നേതാവല്ലന്ന് വിമർശകർ തിരിച്ചറിയണം.
ഇക്കാര്യത്തിൽ ഖാസിയുടെ മകൻ ഷാഫി പുതിയ കേസ് ഫയൽ ചെയ്യുന്നതും സംഘടനാ നേതാക്കളുമായി കൂടിയാലോചിച്ചു കൊണ്ട് തന്നെയായിരുന്നുവെന്നത് വിസ്മരിച്ചു കൂടാ.
ആ നീക്കവും വേണ്ടത്ര ഫലപ്രദമാവാതിരിക്കുമ്പോഴാണ് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരം നൽകാൻ സന്നദ്ധത അറിയിച്ച് അഷ്റഫ് എന്ന കാസർഗോഡ് സ്വദേശി എസ് കെ എസ് എസ് എഫ് നേതാക്കളെ ബന്ധപ്പെടുന്നത്. വിവരമറിഞ്ഞ രാത്രി തന്നെ ഈ ലേഖകൻ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വീട്ടിൽ ചെന്ന് കാര്യം ധരിപ്പിച്ചു. ചേളാരി സമസ്താലയത്തിൽ എത്തി എം.ടി.ഉസ്താദിനെയും വിവരങ്ങൾ അറിയിച്ചു. ഇരുവരും പിന്തിരിപ്പിക്കാനല്ല ശ്രമിച്ചത് ഈ കേസ് തെളിയിക്കാൻ നമുക്ക് എത്ര പണവും ചെലവഴിക്കാം. നിങ്ങൾ ധൈര്യമായി കാര്യങ്ങൾ നിർവ്വഹിച്ചോളൂ എന്നാണ് നിർദ്ദേശിച്ചത്. അന്ന് അർധരാത്രി സമസ്ത പി ആർ ഒ അഡ്വ. ത്വയ്യിബ് ഹുദവിയെ കാസർഗോട്ടേക്ക് അയച്ചു. പ്രത്യേക വാഹനത്തിൽ അഷ്റഫിനേയും കൂട്ടി എസ് കെ എസ് എസ് എഫ് സംഘം എറണാംകുളത്തേക്ക് തിരിച്ചു. ഡൽഹിയിലായിരുന്ന കേസ് നടത്തുന്ന അഭിഭാഷകനോട് അടിയന്തിരിമായി ഫ്ലെറ്റ് ടിക്കറ്റെടുത്ത് എറണാംകുളത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അഷ്‌റഫിനെ സി.ബി.ഐ കോടതിയിൽ ജഡ്ജിയുടെ ചേമ്പറിൽ ഹാജറാക്കി. ജഡ്ജിയുടെ നിർദ്ദേശമനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്തു. അഷ്റഫും സമസ്ത പി ആർ ഒ യും സി ബി ഐ ക്ക് നൽകിയ കത്ത് പരിഗണിക്കാതെ വന്നപ്പോൾ സമസ്തയുടെ മുതിർന്ന നേതാക്കൾ ( എസ് കെ എസ് എസ് എഫ് നേതാക്കൾ മാത്രമല്ല) യോഗം ചേർന്ന് ഹൈക്കോടതിയിൽ പുതിയ റിട്ട് ഫയൽ ചെയ്യാൻ തീരുമാനിച്ചു. ഹൈക്കോടതി ഇടപെട്ടതോടെ സി ബി ഐ ക്ക് അഷ്റഫിന്റേയും പി ആർ ഒ യുടേയും മൊഴി എടുക്കേണ്ടി വന്നു. അഷ്റഫുമായി ബന്ധപ്പെട്ട ഈ നടപടിക്രമങ്ങൾ തന്നെ ഏകദേശം അഞ്ചുമാസം നീണ്ടു നിന്നു. ഈ കാലയളവിൽ അഷ്റഫിന് സംരക്ഷണം നൽകി കേസിനൊരു തുമ്പുണ്ടാക്കാൻ പരിശ്രമിച്ചത് സമസ്ത തന്നെയായിരുന്നു.
എന്നാൽ പോരാട്ടം ഇപ്പോഴും ലക്ഷ്യസ്ഥാനത്തെത്തിയിട്ടില്ല. എന്തുകൊണ്ട് ലക്ഷ്യത്തിലെത്തുന്നില്ലെന്ന് വസ്തുനിഷ്ഠമായി പറയാൻ നമ്മുടെ പക്കൽ തെളിവില്ല. എന്നാൽ പരിശ്രമം വിണ്ടും തുടരുകയാണ്. കഴിഞ്ഞ ദിവസം സമസ്തയുടെ ഉന്നത നേതാക്കൾ യോഗം ചേർന്ന് നിയമപരമായ തുടർപ്രവർത്തനങ്ങൾക്ക് തീരുമാനമെടുത്തിട്ടുണ്ട്. സാധ്യമായതെല്ലാം ഈ പ്രസ്ഥാനം ചെയ്യുമെന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ട. പക്ഷെ ഒരു കാര്യം ഇവിടെ പ്രത്യേകം പറയട്ടെ സമസ്ത ചെയ്യുമെന്ന് പറഞ്ഞാൽ ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും നാളെ മുതൽ സ്ഥിരമായി സി ബി ഐ ഓഫീസിലും കോടതിയിലും കയറി ഇറങ്ങുമെന്നല്ല; അവരുടെ നിർദ്ദേശമനുസരിച്ച് കീഴഘടകങ്ങളുടെ ഭാരവാഹികളോ ഉദ്യോഗസ്ഥരോ കാര്യങ്ങൾ നിർവ്വഹിക്കും. അതിനെ നോക്കി അത് എസ് കെ എസ് എസ് എഫ് അല്ലേ ഓഫീസ് സ്റ്റാഫല്ലേ എന്ന് ചോദിച്ചേക്കാവുന്ന പാവങ്ങളെ ഓർത്താണ് ഇങ്ങനെ പറയേണ്ടി വന്നത്.

Post: