സൈബര്‍ ക്രൈം: കുരുക്ക് എളുപ്പത്തില്‍
അറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും.
ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന് കരുതേണ്ട. കൃത്യമായ അന്വേഷണം നടത്തിയാല്‍ കുറ്റവാളി കുടുങ്ങും; അതുറപ്പ്.
മറ്റുള്ളവരെ മന:പൂര്‍വ്വം കരിവാരി തേക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരും കരുതിയിരിക്കുക. ഇന്റര്‍നെറ്റ് യുഗത്തില്‍ കുറ്റം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് കുറ്റവാളികളെ കുടുക്കാനും. രാഷ്ട്രപതിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഇ-മെയില്‍ വഴി ഭീഷണി അയക്കുന്നവരും മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലായിട്ടുണ്ട്. ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഏത് കംപ്യൂട്ടറില്‍ നിന്ന് എപ്പോഴാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്താനുള്ള ഐ.പി ട്രേസര്‍ സാങ്കേതികവിദ്യ കേരളപൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
സൈബര്‍ സുരക്ഷാരംഗത്തെ പ്രമുഖ ഏജന്‍സിയായ റിസോഴ്സ് സെന്റര്‍ ഫോര്‍ സൈബര്‍ ഫോറന്‍സിക് (ആര്‍.സി.സി.എഫ്) വികസിപ്പിച്ചിരിക്കുന്ന ഇ-മെയില്‍ ട്രേസര്‍ സംവിധാനം സി.ബി. ഐ, റോ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ളതാണ് ഇ-മെയില്‍ ട്രേസര്‍. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറിലെ ഡാറ്റ ഡിലീറ്റ് ചെയ്താലും ഹാര്‍ഡ്ഡിസ്കിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സൈബര്‍ ചെക്ക്, മൊബൈല്‍ സിം കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സിം കാര്‍ഡ് റീഡര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്.
വാല്‍ക്കഷ്ണം: ആളില്ലാത്ത വീടുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും ഇന്റര്‍നെറ്റില്‍ സൈറ്റുകളുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന വിവരങ്ങള്‍ മനസ്സിലാക്കി വീട്ടില്‍ ആളില്ലാത്ത സമയം കവര്‍ച്ച നടത്തുന്ന സംഘങ്ങളുമുണ്ടത്രേ. ചില ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ കൃത്യമായ വ്യക്തിഗത വിവരങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ കളിയിലേര്‍പ്പെട്ട കളിഭ്രാന്തന്മാര്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് വെബ്സൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാവരും നിരീക്ഷിക്കുണ്ടെന്ന ബോധ്യത്തോടെയാകണം വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍.
Courtesy: securelokam.com