നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൈയിലുണ്ടെന്ന് അറിയണമോ!
ഫെയ്‌സ്ബുക്കിന് നിങ്ങളുടെ എന്തെല്ലാം കാര്യങ്ങള്‍ അറിയാം? ‘നിങ്ങള്‍ ആദ്യമായി ആ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍ അതില്‍ നടത്തിയ മുഴുവന്‍ ഇടപാടുകളും’ എന്നാണ് ഉത്തരം. ആ വിവരങ്ങളെല്ലാം ഫെയ്‌സ്ബുക്ക് സൂക്ഷിക്കുന്നുമുണ്ട്. ഫെയ്‌സ്ബുക്കിന്റെ കയ്യിലുള്ള വിവരങ്ങളെ കുറിച്ച് ഒരു ധാരണ കിട്ടണമെങ്കില്‍ സ്വന്തം പ്രൊഫൈലിന്റെ ആര്‍ക്കെവ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ പ്രൊഫൈല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ തന്നെ അത് വരെയുള്ള കാര്യങ്ങളും ഓര്‍മകളുമെല്ലാം കയ്യില്‍ സൂക്ഷിക്കാനുമാകും.
ഫെയ്‌സ്ബുക്കില്‍ ചേര്‍ന്ന കാലം മുതലുള്ള ഓരോ വിവരങ്ങളും അത് സൂക്ഷിക്കുന്നുണ്ട്. ഓരോ തവണ ലോഗിന്‍ ചെയ്യുന്നത്, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത്, ക്ഷണിക്കപ്പെടുന്ന ഇവന്റുകള്‍, ഫോളോ ചെയ്യുന്ന ആളുകള്‍, സുഹൃത്തുകള്‍, സ്ഥലം, സന്ദേശങ്ങള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ തുടങ്ങി എല്ലാ ഇടപാടുകളും രേഖപ്പെട്ടിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ഡാറ്റയാണ് ഫെയ്‌സ്ബുക്ക് നിങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഉപയോഗിക്കുന്നത്. ഇനി ആര്‍ക്കെങ്കിലും ഈ വിവരങ്ങളിലേക്ക് അനധികൃതമായി കൈകടത്താന്‍ അവസരം കിട്ടിയാല്‍ അത് പോലെതന്നെ അവര്‍ക്കും നിങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഈയടുത്ത് പുറത്ത് വന്ന കേംബ്രിഡ്ജ് അനലിറ്റിക സ്‌കാന്‍ഡലിലും ഇതാണ് സംഭവിച്ചത്.
ഒരു പ്രൊഫൈലിനെ സംബന്ധിച്ച എന്തൊക്കെ വിവരങ്ങള്‍ ഫേസ്ബുക്കിന്റെ കൈയ്യിലുണ്ടെന്ന് മനസിലാക്കാനും ആ അര്‍ക്കൈവുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. പ്രത്യേകിച്ചും ഫെയ്‌സ്ബുക്ക് വിടാനും, അതില്‍ നിന്ന് പ്രിയപ്പെട്ട എന്തെങ്കിലും സൂക്ഷിച്ച് വെക്കാനും ഉദ്ദേശമുള്ളവര്‍ക്ക് ഇത് സഹായകരമാകും.
facebook.com /settings ല്‍ ചെല്ലുക.
”download a copy of your Facebook data ” ക്ലിക്ക് ചെയ്യുക.
download archive ക്ലിക്ക് ചെയ്യുക.
ഇതിന് കുറച്ച് മിനിറ്റുകള്‍ എടുത്തേക്കാം. ആര്‍ക്കൈവ് തയ്യാറാകുമ്പോള്‍ ഫേസ്ബുക്ക് തന്നെ അറിയിക്കും.
ആ അലര്‍ട്ട് വരുമ്പോള്‍ download archive ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു Zip ഫയല്‍ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ആയിട്ടുണ്ടാകും.
ഇതിലെ ഓരോ ഫയലും തുറന്ന് നോക്കാം.
ഓരോ ചാറ്റ് സംഭാഷണങ്ങളും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും ഫോട്ടോയും എല്ലാം ഫേസ്ബുക്ക് സേവ് ചെയ്തിരിക്കുന്നതായി ഇങ്ങനെ നോക്കുമ്പോള്‍ കാണാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലിക്ക് ചെയ്ത പരസ്യം വരെ ഒരു രേഖയായി ഇരിക്കുന്നു എന്ന് അറിയുമ്പോഴാണ് ഫെയ്‌സ്ബുക്കില്‍ സ്വകാര്യത എന്നത് എത്ര നേര്‍ത്ത സങ്കല്‍പ്പമാണെന്ന് മനസ്സിലാകുക. ഫെയ്‌സ്ബുക്കിന് നിങ്ങളെ കുറിച്ച് എത്രയൊക്കെ അറിയാം എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ആര്‍ക്കൈവ്.
Courtesy: azhimukham.com