ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ, ഡേറ്റ കച്ചവടത്തിനു പിന്നില്‍ വന്‍ റാക്കറ്റ്

Courtesy: mathrubhumi.com

ക്ഷക്കണക്കിന് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, ഇ മെയിലുകള്‍, മേല്‍വിലാസങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ  വേണോ? 1500 രൂപ മാത്രം മുടക്കിയാല്‍ മതി. എല്ലാ വിവരങ്ങളും ഇ മെയിലിലെത്തും. രഹസ്യ സ്വഭാവമുണ്ടായിരിക്കേണ്ട നിരവധി വിവരങ്ങളാണ് പരസ്യമായി ഇങ്ങനെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വന്ന ഒരു എസ്.എം.എസിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന മാതൃഭൂമി.കോമിന് ലഭിച്ചത് വ്യക്തിവിവരങ്ങളടങ്ങുന്ന സ്പ്രെഡ് ഷീറ്റ് ഫയലുകളുടെ വന്‍ശേഖരമാണ്.

രാജ്യത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഐ.സി.ഐ., ആക്‌സിസ് , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റനേകം ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഇതിലുണ്ട്. മേല്‍ വിലാസം, ഫോണ്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഇ മെയില്‍, ജനന തീയതി, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഇങ്ങനെ ലഭിക്കുക.

ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങി തൊഴില്‍ മേഖലയനുസരിച്ചുള്ള വ്യക്തിവിവരങ്ങളും, വെബ്സൈറ്റ് ഡൊമൈന്‍ ഉടമകള്‍, സ്ഥിരം വിമാനയാത്രികര്‍, ഐ.ആര്‍.സി.ടി.സി. ട്രെയിന്‍ ബുക്ക് ചെയ്ത യാത്രക്കാര്‍, റിലയന്‍സ് ജിയോ ഉള്‍പ്പടെ വിവിധ ടെലികോം കമ്പനികളുടെ ഉപയോക്താക്കള്‍ ഉള്‍പ്പടെയുള്ളവരെ കുറിച്ചുള്ള വ്യക്തിവിവരങ്ങളും ഇക്കൂട്ടത്തിലുണ്ട്

ഫോണ്‍കോള്‍, ഇ മെയില്‍, എസ്.എം.എസ്. എന്നിവ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനു പിന്നിലെ മുഖ്യ കണ്ണികളായി പ്രവര്‍ത്തിക്കുന്ന ഈ ഡേറ്റ വിതരണക്കാര്‍ സധൈര്യം അരങ്ങു വാഴുകയാണ്.

വ്യാപകമായ ഡേറ്റ കച്ചവടം

ആഗോളതലത്തില്‍ ഇന്ന് ഏറെ വിലയുള്ള കച്ചവട വസ്തുവാണ് ഡേറ്റ അഥവാ വിവരങ്ങള്‍. അടുത്തിടെ പുറത്തിറങ്ങിയ ‘ഇരുമ്പ് തിരൈ’ എന്ന തിമിഴ് ചിത്രം ഓണ്‍ലൈന്‍ യുഗത്തില്‍ നടക്കുന്ന വിവര കച്ചവടം പ്രമേയമാക്കിയുള്ളതാണ്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ആരെയും ഭീതിതമാക്കുന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്തത്.

മുകളില്‍ പറഞ്ഞ വിവരങ്ങള്‍ ഒരു വ്യക്തിയെ സംബന്ധിച്ചു വളരെ ചെറുതായിരിക്കാം. പക്ഷേ കോടിക്കണക്കിന് വരുന്ന ആ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകളും കറ്റകൃത്യങ്ങളും അത്ര ചെറുതല്ല. പലതരം ബാങ്ക് തട്ടിപ്പുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിത്യേന വരുമ്പോള്‍ പ്രത്യേകിച്ചും.

ബാങ്കുകളില്‍നിന്നെന്ന പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകളും അതിന് പിന്നാലെയുള്ള സാമ്പത്തിക തട്ടിപ്പുകളും നമ്മുടെ രാജ്യത്ത് പതിവ് സംഭവമാണ്. മറുപുറത്തുള്ള തട്ടിപ്പുകാരന് എങ്ങിനെയാണ് ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ കഴിയുന്നത്?

സുരക്ഷിതമെന്ന് കരുതുന്ന ആ വിവരങ്ങളെല്ലാം തന്നെ മറ്റാരുടെയൊക്കെയോ കൈകളിലെത്തുന്നുണ്ട്. എസ്.എം.എസുകള്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളുടെ ഫോണ്‍ വിളികള്‍, ഇ മെയില്‍ സന്ദേശങ്ങള്‍ എന്നിവ ലഭിക്കുന്നതും, അവരെല്ലാം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും വ്യക്തിവിവരങ്ങളുമെല്ലാം കൃത്യമായി പറയുന്നതും ഇങ്ങനെ കിട്ടുന്ന വ്യക്തിവിവര ശേഖരത്തിന്റെ പിന്‍ബലത്തിലാണ്.

 കച്ചവട വഴി…

കോഴിക്കോട്ട് ഒരു സ്റ്റാര്‍ട്ട്അപ്പ് കമ്പനി നടത്തുന്ന വെബ് ഡെവലപ്പറാണ് തനിക്ക് വന്ന എസ്.എം.എസിനെ കുറിച്ച് ഞങ്ങളെ അറിയിച്ചത്. 1500 രൂപയ്ക്ക് 30 കോടിയോളം വരുന്ന ഏറ്റവും പുതിയ മൊബൈല്‍ നമ്പറുകളും  ഇ മെയിലുകളും ഉള്‍പ്പടെയുള്ള ഡേറ്റ ബേസ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള എസ്.എം.എസ്. ആയിരുന്നു അത്. വിവരങ്ങളെല്ലാം സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും അടിസ്ഥാനത്തില്‍ പട്ടിക തിരിച്ച് തരാമെന്നും അതില്‍ വാഗ്ദാനം ചെയ്യുന്നു. വാട്സ്ആപ്പ് വഴി ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

ഇതാണ് ഡേറ്റ കച്ചവടക്കാരുടെ ആദ്യ പരിപാടി. ആവശ്യക്കാരുമായി ബന്ധപ്പെടുക. അവരെകണ്ടെത്താന്‍ ഉപയോഗപ്പെടുത്തുന്നതും കയ്യിലുള്ള ഡേറ്റാ ശേഖരം ഉപയോഗിച്ചു തന്നെയാണ്. ഡേറ്റ കൊണ്ട് ഉപയോഗം ഉണ്ടാകാന്‍ ഇടയുള്ളവരെ മാത്രമാണ് ഡേറ്റാ കച്ചവടക്കാര്‍ ബന്ധപ്പെടുന്നത്.

വാട്സ്ആപ്പ് വഴി എസ്.എം.എസിലെ നമ്പറില്‍ ബന്ധപ്പെട്ടു. ഉടന്‍ മറുപടി വന്നു. ‘വെല്‍കം ടു ഇമെയില്‍സ് ഇറ’ എന്ന് തുടങ്ങുന്ന സന്ദേശത്തില്‍ അവര്‍ നല്‍കാനുദ്ദേശിക്കുന്ന ഡേറ്റ ബേസിന്റെ സാമ്പിള്‍ ലിങ്കും വെബ്‌സൈറ്റ് ലിങ്കും അടങ്ങിയിരുന്നു.

കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉണ്ടോ എന്ന് ആരാഞ്ഞു. 1500 രൂപയ്ക്ക് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ലഭിക്കുകയെന്നും സംസ്ഥാനങ്ങള്‍ തിരിച്ചുള്ള വിവരങ്ങള്‍ക്ക് 3500 രൂപയാണെന്നും മറുപടി കിട്ടി. 1500 രൂപയ്ക്ക് രാജ്യത്തെ മൊത്തം വിവരങ്ങള്‍ ലഭിക്കുമ്പോള്‍ എന്തിനാണ് കേരളത്തിന് മാത്രം കൂടുതല്‍ പണം നല്‍കുന്നതെന്നും ചോദ്യവും ഒപ്പം. 1500 രൂപയ്ക്ക് എന്തെല്ലാം വിവരങ്ങള്‍ ലഭിക്കുമെന്ന പട്ടികയും വന്നു. പിന്നാലെ സാമ്പിള്‍ ഫയലുകളുടെ ഒരു നിരയും.

പിന്നീട് വന്നത് പണം അയച്ചുകൊടുക്കേണ്ട അക്കൗണ്ട് വിവരങ്ങളാണ്. പേ ടിഎം, ഐ.സി.ഐ.സി.ഐ. ബാങ്ക് അക്കൗണ്ട്, ഗൂഗിള്‍ തേസ് നമ്പര്‍ എല്ലാം ഉണ്ട്. എത് വിധേനയും പണമയക്കാം. ഹെന്‍ റി ജോസഫ് എന്നയാളുടെ പേരിലുള്ള അക്കൗണ്ടുകളാണ് അവ. കേരളത്തില്‍ നിന്നുള്ള രണ്ട് കോടി ആളുകളുടെ വ്യക്തിവിവരങ്ങള്‍ കൂട്ടത്തിലുണ്ടാകുമെന്ന് അയാള്‍ ഉറപ്പുനല്‍കി. പേയ്മെന്റ് നടത്തിയതിന്റെ തെളിവായി രസീതിന്റെ ചിത്രമോ സ്‌ക്രീന്‍ഷോട്ടോ അയച്ചുതരണണമെന്നും ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ വിവരശേഖരം കൈമാറുകയുള്ളൂ.

ഹൈദരാബാദിലാണ് ഇയാളുടെ പ്രവര്‍ത്തന മേഖലയെന്ന് തുടര്‍ന്നുള്ള ആശയവിനിമയത്തില്‍ മനസിലായി. വിശാഖപട്ടണത്തില്‍ ഒരു സുഹൃത്തുണ്ടെന്നും നേരിട്ട് വന്നാല്‍ വിവരങ്ങള്‍ കൈമാറാമോ എന്ന ചോദ്യത്തിന് വേണമെങ്കില്‍ നേരിട്ട് വരാമെന്നും മറ്റുള്ളവരുടെ ഇടപെടലില്‍ താല്‍പര്യമില്ലെന്നും വിശ്വാസമില്ലെങ്കില്‍ വിട്ടുകളയാമെന്നും ഡേറ്റ വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിക്കുന്നില്ലെന്നും അയാള്‍ വ്യക്തമാക്കി. കെ.വൈ.സി. അംഗീകാരമുള്ള തന്റെ ബാങ്ക് വിവരങ്ങളെല്ലാം കൃത്യമായി തന്നിട്ടുണ്ടല്ലോ എന്നാണ് വിശ്വാസ്യത ഉറപ്പിക്കാന്‍ അയാള്‍ ചൂണ്ടിക്കാണിച്ചത്. പേമെന്റ് ലഭിച്ച് 15 മിനിറ്റിനുള്ളില്‍ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും ഉറപ്പു ലഭിച്ചു. അത് പാലിക്കുകയും ചെയ്തു. പണമടച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നല്‍കിയ ഇ മെയില്‍ വിലാസത്തില്‍ വന്‍ വിവരശേഖരത്തിന്റെ ഷെയര്‍ ഫോള്‍ഡര്‍ ലിങ്കുകള്‍ എത്തി.

ബാങ്കുകളിലെ വിവരങ്ങള്‍ ചോരുന്നത് ഹാക്കിങ് വഴി?

ഞങ്ങള്‍ക്ക് ലഭിച്ച സ്പ്രെഡ് ഷീറ്റ് ഫയലുകളെല്ലാം വ്യക്തിവിവരങ്ങള്‍ കൃത്യമായി പട്ടികപ്പെടുത്തിയ സ്പ്രെഡ്ഷീറ്റ് പകര്‍പ്പുകളാണ്. രഹസ്യ സ്വഭാവമുള്ള ഈ വിവരങ്ങള്‍ എങ്ങനെയാണ് ബാങ്കുകളില്‍ നിന്നും പുറത്തുള്ളവരുടെ കൈവശമെത്തുന്നത്? ഉത്തരം ഹാക്കിങ് തന്നെയാണെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു അധോലോകം അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതിശക്തമായ സുരക്ഷാ സംവിധാനങ്ങളോടുകൂടി ബാങ്കുകളില്‍ സ്വന്തം സെര്‍വറുകളില്‍ സൂക്ഷിക്കുന്ന ഈ വിവരങ്ങള്‍ ഹാക്ക് ചെയ്തെടുക്കാനുള്ള വിദ്യ, കംപ്യൂട്ടര്‍ സുരക്ഷാ സാങ്കേതിക വിദ്യയില്‍ അടിസ്ഥാന വിദ്യാഭ്യാസമുള്ള ഏതൊരു സാങ്കേതിക വിദഗ്ധർ അറിയാമെന്ന് സ്വതന്ത്ര സൈബര്‍ ഫോറന്‍സിക് വിദഗ്ദനായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു.

ആഗോളതലത്തില്‍ ഐടി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയങ്ങളിലൊന്നായ എസ്.ക്യു.എല്‍ ഇന്‍ജക്ഷന്‍ എന്ന സര്‍വസാധാരണമായ വെബ് ഹാക്കിങ് വിദ്യമാത്രം മതി ഇതിന്. എസ്.ക്യു.എല്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് സെര്‍വറുകളുടെ സുരക്ഷാമതിലുകള്‍ പൊളിക്കാന്‍ സാങ്കേതിക പരിജ്ഞാനവും ശേഷിയുമുള്ള ഒരു വിദഗ്ദന് സാധിക്കും. എന്നാല്‍ അത് എളുപ്പമല്ല. ഭട്ടതിരിപ്പാട് പറയുന്നു.

ഏറ്റവും സങ്കീര്‍ണമായ സുരക്ഷാ സംവിധാനങ്ങളാല്‍ സംരക്ഷിതമാണ് ബാങ്കുകളുടെ സെര്‍വറുകള്‍. അറ്റകുറ്റപ്പണികള്‍ക്കിടയിലും ഡേറ്റാ കൈമാറ്റങ്ങള്‍ക്കിടയിലും ഉണ്ടാകുന്ന ഐടി വിദഗ്ധരുടെ അശ്രദ്ധയാണ് പലപ്പോഴും ഹാക്കര്‍മാര്‍ എസ് ക്യൂ എല്‍ ഇഞ്ചെക്ഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് മുതലെടുക്കുന്നത്.

വന്‍ വിവരശേഖരം ഇതുപോലെ രാജ്യവ്യാപകമായി മോഷ്ടിക്കപ്പെടുന്നുണ്ട്. വന്‍തോതില്‍ വിവരങ്ങള്‍ കൈമോശം വന്നിട്ടും അവ പരസ്യമായി വില്‍പനയ്ക്ക് വെച്ചിട്ടും ബാങ്കുകളോ ഭരണകൂടമോ അത് തടയാന്‍ കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

വ്യക്തിവിവരങ്ങളുടെ ഉപയോഗം

വ്യക്തിവിവരങ്ങളുടെ സ്വകാര്യത ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ പോലും വ്യക്തിവിവരങ്ങളുടെ കൈമാറ്റത്തിന്റെ പേരില്‍ നിയമനടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. പേര്, മേല്‍വിലാസം, വയസ്, ജനന തീയതി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, തൊഴില്‍, ലിംഗം, ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് ഉള്ള ബാങ്കിന്റെ വിലാസം, അക്കൗണ്ടിന്റെ സ്വഭാവം, പാന്‍ കാര്‍ഡ് നമ്പര്‍  എന്നിങ്ങനെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഔദ്യോഗികവും അനൗദ്യോഗികവുമായ അസംഖ്യം വിവരങ്ങള്‍ ‘വ്യക്തിവിവരങ്ങള്‍’ എന്ന ഒറ്റപ്രയോഗത്തിനുള്ളില്‍ ഉള്‍പ്പെടുന്നുണ്ട്.  ഇതിന്റെയെല്ലാം ഉപയോഗ സാധ്യത കൃത്യമായി പട്ടികപ്പെടുത്തുക അസാധ്യമാണ്.

പരീക്ഷ എഴുതി കാത്തിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഫോണിലേക്കും മേല്‍വിലാസത്തിലേക്കും അന്യസംസ്ഥാനങ്ങളില്‍നിന്നു വിവിധ പാഠ്യപരിപാടികളുടെ പരസ്യകത്തുകളും അറിയിപ്പുകളും ലഭിക്കാറില്ലേ? ബാങ്കുകളില്‍ നിന്നെന്ന പേരില്‍ ഫോണിലേക്ക് വിളിക്കുന്നവര്‍ അക്കൗണ്ട് നമ്പര്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പടെയുള്ളവ കൃത്യമായി പറയാറില്ലേ? എല്ലാത്തിനും അടിസ്ഥാനം മേല്‍പറഞ്ഞ വിവരശേഖരമാണ്.

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഹൈദരാബാദില്‍ നിന്നൊരാള്‍ അയച്ചുതരണമെങ്കില്‍, മറ്റൊരു സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികളുടെ നമ്പറുകളും മേല്‍വിലാസവും കേരളത്തിലിരിക്കുന്ന നമുക്ക് ലഭിക്കണമെങ്കില്‍, ആ വിവരങ്ങളെല്ലാം ഏതെല്ലാം വഴിയെ സഞ്ചരിക്കുന്നുണ്ട്, ആര്‍ക്കെല്ലാം വില്‍പ്പന ചെയ്യുന്നുണ്ട്? ചിന്തിക്കാവുന്നതിലും അപ്പുറത്താണിത്.

വിദേശ നമ്പറുകളില്‍നിന്നുള്ള മിസ്ഡ് കോള്‍ തട്ടിപ്പ് സൂക്ഷിക്കണമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ ആയിരക്കണക്കിനാളുകളുടെ നമ്പറുകളിലേക്കാണ് ഈ തട്ടിപ്പു മിസ്ഡ് കോളുകള്‍ വന്നത്. ഈ നമ്പറുകളെല്ലാം എങ്ങനെയാണ് വിദേശത്തുള്ള തട്ടിപ്പുകാര്‍ക്ക് ലഭിച്ചത്?

ഉത്തരം ഇനിയും വിശദീകരിക്കേണ്ടതില്ല. ശല്യമാവുന്ന പരസ്യങ്ങള്‍ മുതല്‍  വലിയ സാമ്പത്തികനഷ്ടം വരെ വ്യക്തിവിവരങ്ങള്‍ മറ്റൊരാളുടെ പക്കല്‍ എത്തിയാല്‍ സംഭവിക്കാനിടയുണ്ട്.

നിരന്തര ശ്രമങ്ങള്‍ നടത്തുന്ന ഹാക്കര്‍മാര്‍
ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് (സ്വതന്ത്ര സൈബര്‍ ഫോറന്‍സിക് വിദഗ്ദന്‍) 

വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിരന്തര ശ്രമങ്ങളാണ് ഹാക്കര്‍മാര്‍ നടത്തുന്നത്. സെര്‍വറുകളിലേക്ക് കടന്നുകൂടാനുള്ള ഒരവസരത്തിന് വേണ്ടി ഹാക്കിങ് വിദ്യയായ എസ്‌ക്യുഎല്‍ ഇന്‍ജക്ഷന്‍ രീതി അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ 365 ദിവസവും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുകയാണവര്‍.കൃത്യമായി പറഞ്ഞാല്‍ 24 മണിക്കൂറില്‍ മിനിറ്റില്‍ 100 തവണയെങ്കിലും. ബാങ്കുകളുടെ സെര്‍വര്‍ കൈകാര്യം ചെയ്യുന്ന ഐടി വിദഗ്ദരുടെ അശ്രദ്ധയാണ് ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കുന്നത്. എന്നാല്‍ അത് അംഗീകരിക്കാനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ അധികൃതര്‍ ആരും ശ്രമിക്കാറില്ല. –

സൈബര്‍ രംഗത്ത് സുരക്ഷിത ഭാവി ഇല്ല 

പ്രൊഫ. അച്യുത് ശങ്കര്‍ എസ്. നായര്‍, കേരള സര്‍വകലാശാല

വെളിച്ചത്തിന്റെ കൂടെ നിഴല്‍ എന്നതു പോലെയാണ് ഡേറ്റയുടെ സ്വകാര്യതയിലുള്ള ഭീഷണി. ഇത്തരം പ്രശ്നങ്ങളില്‍ ഭരണകൂടം നയപരമായ തീരുമാനങ്ങള്‍ എടുക്കണം. സാങ്കേതികവിദ്യയുടെ നൂതനത്വം നിരന്തരം പരിശോധിച്ച് ഇത്തരം പ്രവണതകളെ തടയാനുള്ള സംവിധാനം ഒരുക്കണം. സൈബര്‍ രംഗത്ത്  സുരക്ഷിതമായ ഭാവി എന്ന ഒന്നുണ്ടാവില്ല. ഭീഷണികളെ നേരിടാന്‍ പ്രതിപ്രവര്‍ത്തനം മാത്രമാണ് വഴി. അതിന് ഭരണകൂടം മുന്‍കൈ എടുക്കണം.

ഇടനിലക്കാര്‍ ലാഭം കൊയ്യുന്നു

ജോസഫ് സി മാത്യു, ഐടി വിദഗ്ദ്ധന്‍

പുറത്തുനിന്നുള്ള സ്വകാര്യ സേവനങ്ങളെ ആശ്രയിച്ചാണ് ബാങ്കുകളും ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളും പണമിടപാടുകള്‍ നടത്തുന്നത്. ഈ ഇടനിലക്കാരുടെ പ്രധാന വ്യവസായം കയ്യില്‍ കിട്ടുന്ന ഡേറ്റയുടെ കച്ചവടമാണ്. സ്വന്തം വ്യവസായം അഭിവൃദ്ധി പെടുത്തുന്നതിനൊപ്പം വ്യക്തികളെ തങ്ങളുടെ വരുതിയിലാക്കാനും ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ചിന്തകള്‍, ആശങ്കകള്‍, താല്‍പര്യങ്ങള്‍ തുടങ്ങി എല്ലാം അങ്ങനെ സ്വാധീനിക്കപ്പെടുന്നുണ്ട്.

 

Leave a Comment