ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളിലൂടെയും സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് പഠനം

ബാസ്റ്റണ്‍: കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ സൂക്ഷിക്കുന്ന വിവരങ്ങളുടെ സ്വകാര്യതയെ സംബന്ധിച്ച് വീണ്ടും വെളിപ്പെടുത്തല്‍. ഒരു വ്യക്തി സ്വകാര്യമായി സൂക്ഷിക്കാനാഗ്രഹിക്കുന്ന വിവരങ്ങളൊന്നും ഫെയ്‌സ്ബുക്കില്‍ സുരക്ഷിതമല്ലെന്നും ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളിലൂടെയും അവരുടെ സുഹൃത്തുക്കളിലൂടെയും (ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ്) അവ ചോര്‍ത്തുന്നുണ്ടെന്നും പുതിയ പഠനം പറയുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.

സാമൂഹികമാധ്യമങ്ങളില്‍ അംഗമാണെങ്കില്‍ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും പഠനം പറയുന്നു. നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തേ കരുതിയിരുന്നതിനെക്കാള്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്.

ഉപഭോക്താക്കളുടെ സമ്മതത്തോടെ സാമൂഹികമാധ്യമങ്ങള്‍ പരസ്യങ്ങള്‍ക്കും മറ്റുമായി വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള മൂന്നാംകക്ഷികള്‍ക്ക് നല്‍കുന്ന വിവരങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ഈ വിവരങ്ങളിലൂടെ എങ്ങനെയാണ് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുക്കുന്നതെന്ന കാര്യമാണ് ഗവേഷകര്‍ പരിശോധിച്ചത്.

‘ഒരു വ്യക്തിയുടെ സാമൂഹികമാധ്യമങ്ങളിലെ സുഹൃദ്!വലയവും പ്രവചനാത്മകതയും’ എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളിലൂടെ ചില കാര്യങ്ങള്‍ എളുപ്പത്തില്‍ പ്രവചിക്കാനാകും. നേരത്തേ ശ്രദ്ധിക്കപ്പെടാതെ പോയ ഇത്തരത്തിലുള്ള പ്രവചനാത്മക സംവിധാനങ്ങളുടെ ഇടപെടല്‍ ഗവേഷണത്തില്‍ കണ്ടെത്തിയതായും സ്റ്റാന്‍ഫഡ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ജൊഹാന്‍ യുഗാന്‍ഡര്‍ പറഞ്ഞു.

സമാനപ്രായത്തിലുള്ളവരേയും തങ്ങളുടേതിന് സമാനമായ രാഷ്ട്രീയ ചിന്താഗതി പുലര്‍ത്തുന്നവരേയുമാണ് പലരും സുഹൃത്തുക്കളായി തിരഞ്ഞെടുക്കാറുള്ളതെന്നും പഠനം പറയുന്നു.

ഡേറ്റ ചോര്‍ത്തല്‍: ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ പുറത്തിറക്കി

കേംബ്രിജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയതില്‍ തങ്ങളുടെ വിവരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള നോട്ടിഫിക്കേഷന്‍ ഫെയ്‌സ്ബുക്ക് ന്യൂസ്!ഫീഡില്‍ ഉള്‍പ്പെടുത്തി. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്നതെന്നും എന്തൊക്കെ വിവരങ്ങളാണ് അതിലൂടെ പങ്കുവെയ്ക്കപ്പെട്ടതെന്നുള്ള വിവരവും ഇതിലൂടെ അറിയാനാകുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ന്യൂയോര്‍ക്ക് കമ്പനിയെ ഫെയ്‌സ്ബുക്ക് പുറത്താക്കി

ന്യൂയോര്‍ക്ക്: ഡേറ്റ ചോര്‍ത്തല്‍ വിവാദത്തില്‍ കേംബ്രിജ് അനലിറ്റിക്കയ്ക്കും അഗ്രഗേറ്റ് ഐ.ക്യുവിനും പിന്നാലെ മറ്റൊരു കമ്പനിയെക്കൂടി ഫെയ്‌സ്ബുക്ക് പുറത്താക്കി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റ അനലൈസിങ് കന്പനിയായ ക്യൂബ്! യുവിനെതിരെയാണ് അന്വേഷണവിധേയമായി ഫെയ്‌സ്ബുക്ക് നടപടിയെടുത്തത്. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് അക്കാദമിക ആവശ്യങ്ങള്‍ക്കായി ക്യൂബ് യു ശേഖരിച്ച വിവരങ്ങള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിച്ചെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കേംബ്രിജ് സര്‍വകലാശാലയുടെ സൈക്കോമെട്രിക് സെന്ററുമായി ചേര്‍ന്ന് തയ്യാറാക്കിയ യൂ ആര്‍ വാട്ട് യു ലൈക്ക് (അപ്ലൈ മാജിക് സോസ്) എന്ന ആപ്ലിക്കേഷന്‍ വഴി ക്യൂബ് യു വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചെന്നാണ് ആരോപണം.

ആരോപണം ക്യൂബ് യു നിഷേധിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ എല്ലാ നിയമങ്ങളും പാലിച്ചിരുന്നെന്നും ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് അക്കാദമിക-വാണിജ്യ ആവശ്യങ്ങള്‍ക്കായാണെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതായി ക്യൂബ് യുവും കേംബ്രിജ് സര്‍വകലാശാലയും പറഞ്ഞു.

എന്നാല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ലാഭേച്ഛയില്ലാത്ത അക്കാദമികാവശ്യങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിക്കുകയെന്ന് സര്‍വകലാശാല വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കേംബ്രിജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് യു.എസ്. കോണ്‍ഗ്രസില്‍ വിശദീകരണം നല്‍കാനിരിക്കേയാണ് പുതിയ നടപടി.

Courtesy: mathrubhumi.com

Leave a Comment