സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനം

സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന് തുല്യമായ ഉന്നത ജോലിയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്. തുടക്കത്തില്‍ തന്നെ 30,000 രൂപയിലധികമാണ് ശമ്പളം. പരീക്ഷ ആറ് മാസത്തിനകം നടക്കും. 10 വിഷയങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 100 മാര്‍ക്കിന്റെ പരീക്ഷയാണുള്ളത്.

സാധ്യതകള്‍ ചെറുതല്ല

സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനം പി.എസ്.സി.ക്ക് വിട്ടതിനുശേഷമുള്ള രണ്ടാമത്തെ വിജ്ഞാപനമാണിത്. ആദ്യ വിജ്ഞാപനപ്രകാരം തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് 2019 ഓഗസ്റ്റ് ഒമ്പതിന് കാലാവധി പൂര്‍ത്തിയാക്കും. 1876 പേര്‍ക്ക് ഇതിനകം ഈ ലിസ്റ്റില്‍നിന്ന് നിയമനശുപാര്‍ശ നല്‍കിക്കഴിഞ്ഞു. കാലാവധി പൂര്‍ത്തിയാവുമ്പോഴേക്ക് ഈ ലിസ്റ്റില്‍നിന്നുള്ള നിയമനം 2000 കടക്കാനാണ് സാധ്യത. 2019 ഓഗസ്റ്റ് 10 മുതലുണ്ടാവുന്ന ഒഴിവുകള്‍ ഇപ്പോഴത്തെ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നവര്‍ക്കുള്ളതാണ്. ആദ്യ ലിസ്റ്റില്‍നിന്ന് നിയമനം ലഭിക്കാത്ത കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയും മലയാളം സര്‍വകലാശാലയും പുതിയ ലിസ്റ്റിന്റെ പരിധിയിലേക്ക് വരുന്നുവെന്നത് പുതിയ ലിസ്റ്റില്‍ ഇടംനേടുന്നവര്‍ക്ക് പ്രതീക്ഷയാണ്.

റാങ്ക് ലിസ്റ്റ് മൂന്നുവര്‍ഷത്തേക്ക്

മൂന്നുവര്‍ഷമായിരിക്കും പുതിയ ലിസ്റ്റിന്റെയും കാലാവധി. ഈ കാലാവധിക്കുള്ളില്‍ ആദ്യ ലിസ്റ്റിലേതുപോലെത്തന്നെ ഈ ലിസ്റ്റില്‍നിന്നും നിയമനമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ 2000 പേര്‍ക്കെങ്കിലും അവസരമുറപ്പിക്കാം. കമ്പനി/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് മാത്രമാണ് ഇതില്‍ കൂടുതല്‍പേര്‍ക്ക് നിയമനം ലഭിക്കാറെന്ന് ഓര്‍ക്കണം. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് ആയിരത്തില്‍ താഴെയാണ് ഒരു റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനം.

ജോലിയും ശമ്പളവും മികച്ചത്

കേരളത്തിലെ ഏതാണ്ട് എല്ലാജില്ലയിലും സര്‍വകലാശാലകളോ സര്‍വകലാശാലാ കേന്ദ്രങ്ങളോ നിലവിലുണ്ട്. ഇവിടെയെല്ലാം അസിസ്റ്റന്റ് നിയമനത്തിന് സാധ്യതയുമുണ്ട്. സ്വന്തം ജില്ലയില്‍ നിയമനം നേടാന്‍ അല്ലെങ്കില്‍ സ്ഥലം മാറ്റത്തിലൂടെ ജോലിചെയ്യാന്‍ സര്‍വകലാശാലാ അസിസ്റ്റന്റിന് അവസരമുണ്ടിപ്പോള്‍. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ജോലിയേക്കാള്‍ സര്‍വകലാശാലാ അസിസ്റ്റന്റ് ജോലിയെ ആകര്‍ഷണീയമാക്കുന്നത് ഇതാണ്. തുടക്കക്കാര്‍ക്കുതന്നെ 35,000 രൂപയോളം ശമ്പളം പ്രതീക്ഷിക്കാം. പ്രമോഷന്‍ സാധ്യതയും കൂടുതലാണ്.

ഗൗരവത്തോടെ സമീപിക്കണം

ആദ്യലിസ്റ്റിലെ നിയമനങ്ങള്‍ 2000 കടന്നതോടെ ബിരുദക്കാരുടെ നോട്ടപ്പുള്ളിയായി സര്‍വകലാശാലാ അസിസ്റ്റന്റ് തസ്തിക മാറിയിട്ടുണ്ട്. അപേക്ഷകരുടെ കുത്തൊഴുക്കുതന്നെ പ്രതീക്ഷിക്കാം. ആറുലക്ഷത്തോളം പേരെങ്കിലും അപേക്ഷിക്കും. മത്സരവും അതിനനുസരിച്ച് തീവ്രമാവും. മാത്രമല്ല ബിരുദതല പരീക്ഷകളുടെ ഒരു സീസണിലാണ് ഈ പരീക്ഷയും വരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കമ്പനി/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ. ഒക്ടോബര്‍ 13-ന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയും നടന്നു. ഇതിനുപിന്നാലെയാണ് സര്‍വകലാശാലാ അസിസ്റ്റന്റ് പരീക്ഷയെത്തുന്നത്. മാസങ്ങളായി പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരും കമ്പനി/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകളെഴുതിയവരുമായിരിക്കും സര്‍വകലാശാലാ അസിസ്റ്റന്റിന്റെ അപേക്ഷകരില്‍ ഭൂരിഭാഗവും. അത് മത്സരതീവ്രത ഇരട്ടിപ്പിക്കും. മാത്രമല്ല ഈ പരീക്ഷകളെല്ലാം പൊതുവായ സിലബസിലാണെന്നതും മുന്‍ പരീക്ഷകളെഴുതിയവര്‍ക്ക് മുന്‍തൂക്കം നല്‍കും.

സിലബസ്

സര്‍വകലാശാലാ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷാഘടനയും സിലബസും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍, തൊട്ടുമുമ്പ് കഴിഞ്ഞ കമ്പനി/കോര്‍പ്പറേഷന്‍, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളുടെ സിലബസില്‍ത്തന്നെയായിരിക്കും ഈ പരീക്ഷയുമെന്നാണ് അറിയുന്നത്. Quantitative Aptitude, Mental Ability/Test of Reasoning, General Science, Current Affairs, Facts of India, Facts of Kerala, Constitution of India, General English, Regional Language(Malayalam/Tamil/Kannada), IT & Cyber Laws എന്നിങ്ങനെ 10 വിഷയങ്ങളില്‍നിന്നായി 100 ചോദ്യങ്ങളാണ് ബിരുദതല പരീക്ഷകള്‍ക്ക് പി.എസ്.സി. അനുവര്‍ത്തിക്കുന്നത്. ഒന്നേകാല്‍ മണിക്കൂറാണ് പരീക്ഷാ ദൈര്‍ഘ്യം.

തയ്യാറെടുപ്പ്

നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ മെയിന്‍ലിസ്റ്റില്‍ 5151 പേരാണുള്ളത്. ഏതാണ്ട് ഇത്ര പേരെത്തന്നെയായിരിക്കും പുതിയ ലിസ്റ്റിലും ഉള്‍പ്പെടുത്തുക. ഇതില്‍ നിയമനം ലഭിക്കണമെങ്കില്‍ ആദ്യത്തെ 1500 റാങ്കിനുള്ളിലെങ്കിലുമെത്തണം. 72.67 മാര്‍ക്കായിരുന്നു 2016-ലെ സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക്. 70 നുമുകളില്‍ മാര്‍ക്ക് നേടാനുള്ള കഠിനപ്രയത്‌നമാണ് ചെയ്യേണ്ടത്. മുകളില്‍പറഞ്ഞ സിലബസ് പ്രകാരം 10 വിഷയങ്ങളിലും ശരാശരിക്കുമുകളില്‍ അറിവുനേടുകയെന്നതാണ് പ്രധാനം. എല്ലാ വിഷയത്തിലും ഒരുപോലെ മികവുപുലര്‍ത്തുന്നവര്‍ക്കുമാത്രമേ പി.എസ്.സി. പരീക്ഷയില്‍ മുന്നിലെത്താനാവൂ പ്രയാസമുള്ള വിഷയങ്ങള്‍ വിട്ട് മറ്റുള്ളവ ആഴത്തില്‍ പഠിച്ച് മുന്നിലെത്താമെന്ന കണക്കുകൂട്ടല്‍ പി.എസ്.സി. പരീക്ഷയില്‍ ഗുണംചെയ്യില്ല. നിരന്തരമായ വായന, ദിവസം അഞ്ചുമണിക്കൂറെങ്കിലും പഠനം, മുന്‍പരീക്ഷാപ്പേപ്പറുകള്‍ ചെയ്ത് പരിശീലിക്കല്‍ തുടങ്ങിയവ അടിസ്ഥാനതത്ത്വങ്ങളാക്കി ഇപ്പോള്‍ത്തന്നെ പരിശീലനം തുടങ്ങാം. ഏപ്രില്‍/മേയ് മാസങ്ങളിലാണ് പരീക്ഷ പ്രതീക്ഷിക്കുന്നത്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
കാറ്റഗറി നമ്പര്‍: 215/2018
ഒഴിവുകള്‍: പ്രതീക്ഷിതം
ശമ്പളം: 13,900- 24,040 രൂപ (റിവിഷനുമുമ്പ്) നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായം: 18-36. നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യം.
പ്രൊബേഷന്‍: രണ്ടുവര്‍ഷം. ഈ കാലയളവില്‍ സെക്രട്ടേറിയറ്റ് മാനുവല്‍, അക്കൗണ്ട്സ് ടെസ്റ്റ് എന്നിവ പാസായിരിക്കണം.
അപേക്ഷിക്കാനുള്ള അവസാനതീയതി: ഡിസംബര്‍ 19.

Courtesy: mathrubhumi.com