സാമൂഹികമാധ്യമങ്ങൾ ആയുധമോ ആളെക്കൊല്ലിയോ

ലോകത്ത് ഏറ്റവും കൂടുതൽ പേർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നുപറഞ്ഞാൽ ആ മാധ്യമം സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് നമ്മൾ എന്നു കൂടി അർഥമുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയിലെ തമ്മനത്ത് കോളേജുവിട്ടശേഷം വൈകുന്നേരം മീൻ വിൽക്കുന്ന ഹനാൻ എന്ന വിദ്യാർഥിനി കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ചത്. പ്രശംസകൊണ്ട് മൂടിയ സാമൂഹികമാധ്യമങ്ങൾ മണിക്കൂറുകൾക്കുള്ളിലാണ് അവരെ തിരിഞ്ഞു കൊത്തിയത്..

ജനാധിപത്യത്തിന്റെ പുതിയ സൂക്ഷിപ്പുകാരനെന്ന വിശേഷണം സാമൂഹിക മാധ്യമങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുത്തതാണ്. അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവം മുതലിങ്ങോട്ട് അവ നമ്മൾ നേരിട്ട് അനുഭവിച്ചറിഞ്ഞതുമാണ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ സാങ്കേതികവിദ്യ ഇരുതലമൂർച്ചയുള്ള വാളാവും എന്ന തത്ത്വം ശരിയാണെന്ന് സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ട ഭീകരത സാക്ഷ്യപ്പെടുത്തുന്നു. നാഥനില്ലാതെ വാട്‌സാപ്പിൽ പ്രചരിച്ച ഹർത്താൽ ആഹ്വാനം കേരളത്തിലെ പൊതുജീവിതത്തെ സ്തംഭിപ്പിച്ചത് അടുത്തകാലത്താണ്.
വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന അസത്യ സന്ദേശങ്ങളിൽ പ്രകോപിതരായി കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 25-ഓളം നിരപരാധികളെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അസത്യപ്രചാരണത്തിൽ മനംനൊന്ത് ജീവനൊടുക്കിയവരുടെ എണ്ണം അതിലേറെ വരും. ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും ഇതേ കാരണം കൊണ്ടു തന്നെ പൊതുജീവിതത്തിൽനിന്ന്‌ ഒളിച്ചു താമസിക്കേണ്ടിവന്നവരും ഒട്ടേറെ. കുബുദ്ധികൾ വിചാരിച്ചാൽ പൊതുസമൂഹത്തെ എളുപ്പത്തിൽ കൈയിലെടുക്കാമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത് സാമൂഹികമാധ്യമങ്ങളുടെ സാങ്കേതികമായ സവിശേഷതകളും അവയോടുള്ള നമ്മുടെ സമീപനവുമാണ്.

വൈറലാക്കുന്ന വൈകാരികത
സമൂഹം സാക്ഷരത നേടുകയും സാംസ്കാരികമായും രാഷ്ട്രീയപരമായും ഉയർന്നനില കൈവരിക്കുകയും ചെയ്യുന്നതിനുമുമ്പ് നാട്ടുകൂട്ടങ്ങൾ നീതി നടപ്പാക്കിയ കാലത്തെ ഓർമിപ്പിക്കുന്നുണ്ട് കൊലപാതകങ്ങളിൽ വരെയെത്തി നിൽക്കുന്ന ഈ ആൾക്കൂട്ട ഭീകരതകൾ. വൈകാരികതയാണ് സമൂഹമാധ്യമത്തിന്റെ സ്വന്തം വാക്കായ വൈറൽ എന്ന സവിശേഷതയുടെ അടിസ്ഥാനം. അത്തരമൊരു വിഷയത്തിൽ രണ്ടാമതൊന്നു ചിന്തിക്കുന്നതിനുമുമ്പ് തീരുമാനമെടുക്കലും സന്ദേശം മറ്റുള്ളവർക്കു കൈമാറലും നടക്കും. ആ പ്രക്രിയ ആവർത്തിക്കും. ഹനാന്റെ വിഷയത്തിലും സംഭവിച്ചത് അതാണ്. ആൾക്കൂട്ട കൊലപാതകമായാലും വ്യക്തിഹത്യയായാലും പിന്നിൽ പ്രവർത്തിക്കുന്നത് സാമൂഹികമാധ്യമങ്ങളുടെ ഒരേ സവിശേഷതയാണ്.

ആൾക്കൂട്ട കൊലപാതകങ്ങൾ
ബംഗാളിലെ ജൽപായ്‌ഗുഡിയിൽ സ്ത്രീയെ ആൾക്കൂട്ടം തല്ലിക്കൊന്നത് ഇക്കഴിഞ്ഞ ദിവസമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘമാണെന്ന് ആരോപിച്ച് ഗ്രാമീണർ സ്ത്രീകളെ വിവസ്ത്രരാക്കി തല്ലിച്ചതയ്ക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ധുലെയിൽ മൂവായിരത്തിയഞ്ഞൂറോളം വരുന്ന ജനക്കൂട്ടം അഞ്ചു നാടോടികളെ തല്ലിക്കൊന്നതും ജൂലായിലാണ്. അതിനു മുമ്പും പിമ്പുമായി കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവർ എന്ന കുറ്റമാരോപിച്ച് 11 സംസ്ഥാനങ്ങളിലായി നടന്ന ആക്രമണങ്ങളാണ് ഇരുപത്തിയഞ്ചോളം പേരുടെ ജീവനെടുത്തത്. കൊല്ലപ്പെട്ടവരിൽ നാടോടികൾ മുതൽ ഐ.ടി.എൻജിനീയർമാർ വരെയുണ്ടായിരുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമല്ല തമിഴ്‌നാട്ടിലും മെട്രോ നഗരമായ ബെംഗളൂരുവിൽ വരെ നടന്നു ഒരേ കാരണത്താലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ. രണ്ടു മാസത്തിനുള്ളിൽ 39 ആൾക്കൂട്ട ആക്രമണങ്ങൾ. അതും ഒരേ രൂപത്തിൽ.
ആ ആൾക്കൂട്ട കൊലപാതകങ്ങളുടെ മറ്റൊരു വശമാണ് ഹനാൻ സംഭവം അടക്കമുള്ള വിഷയങ്ങളിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

സാമൂഹികസവിശേഷതകൾ
100 കോടി ഫോൺ കണക്‌ഷനുകളുള്ള ഇന്ത്യയിൽ 20 കോടി പേരാണ് വാട്‌സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർ. 27 കോടി പേരാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾ. ലോകത്തിലേറ്റവും കൂടുതൽ പേർ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. അതിൽ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരുമുണ്ട്. സന്ദേശങ്ങൾ ശരിയാണോ എന്ന് മനസ്സിലാക്കാൻ സാമാന്യമായി വേണ്ട രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലമില്ലാത്തവരാണ് അതിൽ നല്ലൊരു പങ്കും.

കാലാകാലങ്ങളായി മാധ്യമങ്ങൾക്കു ലഭിച്ച വിശ്വാസ്യത ഇതേ മാധ്യമത്തിനുമുണ്ട് എന്ന മിഥ്യാധാരണയാണ് പലരെയും അത്തരം സന്ദേശങ്ങൾ കണ്ണുമടച്ച് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്. നവമാധ്യമങ്ങൾ നേടിയെടുത്ത ഈ വിശ്വാസ്യത നന്നായി മനസ്സിലാക്കിയവരാണ് അതേ മാധ്യമങ്ങളെ സ്വന്തം താത്‌പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത്. വാസ്തവമല്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ ബോധ്യമുള്ള കാര്യങ്ങൾ സവിശേഷമായ ‘സോഷ്യൽ മീഡിയാ എൻജിനീയറിങ്ങി’ലൂടെ പ്രചരിപ്പിച്ച് സമ്മർദം സൃഷ്ടിക്കുന്നതും അതുവഴി രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങൾ സമ്പാദിക്കുന്നതും സാധാരണമാണിന്ന്.
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്യുന്നത് ഇന്ത്യയിലാണ് എന്നാണ് വാട്‌സാപ്പ് പുറത്തുവിട്ട കണക്ക്. വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഉള്ളടക്കം വീഡിയോ ആണ്. ലോകത്തെവിടെയായാലും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർ ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നതും ഉപയോഗിക്കുന്നതും വീഡിയോ ഉള്ളടക്കങ്ങളാണ്. ശബ്ദമോ എഴുത്തോ ആണെങ്കിൽ ഭാഷ അറിയണം. വീഡിയോയ്ക്ക് അതു വേണ്ട. ഇവയെല്ലാം ചേർത്തുവായിച്ചാൽ ആൾക്കൂട്ട ഭീകരതയുടെ  മനഃശാസ്ത്ര വശം പിടികിട്ടും.
ഹനാനെതിരേ പ്രചാരണവുമായി തുടക്കത്തിൽ രംഗത്തുവന്നതും ഏറെ പ്രചരിച്ചതും ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ തന്നെയാണ്. നാലു ജില്ലകൾക്കപ്പുറത്തുനിന്ന് ഒരാൾ ഞാൻ ഹനാനെ നേരിട്ടു കണ്ടു, സംസാരിച്ചു, കൈയിൽ പഞ്ചലോഹ മോതിരമുണ്ട് എന്നൊക്കെ വിശ്വസനീയമായ തരത്തിൽ തട്ടിവിട്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ ഫെയ്‌സ്‌ബുക്കിലും വാട്‌സാപ്പിലും അത് ഷെയർ ചെയ്യപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ വൈറലായി. വീഡിയോയെക്കാൾ വേഗത്തിൽ ആ ആശയം പ്രചരിക്കുകയും ചെയ്തു.

അടുത്തകാലത്തെ വ്യാജസന്ദേശങ്ങളിലൂടെ ജീവനുകൾ നഷ്ടപ്പെട്ട സംഭവങ്ങളിലെല്ലാം വില്ലൻ വീഡിയോകളാണ്.  പാകിസ്താനിൽ ഷൂട്ടു ചെയ്ത മുന്നറിയിപ്പ് വീഡിയോ എഡിറ്റ് ചെയ്ത് ഉപയോഗിച്ച് പ്രചരിപ്പിച്ചതാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളിലേക്ക് നയിച്ചത് എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആ വീഡിയോ ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് സമൂഹത്തെ ബോധവത്‌കരിക്കുകയെന്ന നിർദേശമാണ് സർക്കാർതലത്തിൽ ഉയർന്നുവരുന്നത്. വാട്‌സാപ്പ് പോലുള്ള മാധ്യമങ്ങൾക്ക് സമൂഹത്തിന്റെ താഴേതട്ടിൽ വരെ ശക്തമായ വേരോട്ടമുള്ളപ്പോൾ അത്തരമൊരു നീക്കം ശ്രമകരമാണ്. അത് ഫലം ചെയ്യുമോ എന്ന കാര്യവും സംശയമാണ്. ത്രിപുരയിൽ ഇത്തരം സന്ദേശങ്ങൾക്കെതിരേ ബോധവത്‌കരണം നടത്താൻ ജനങ്ങൾക്കിടയിലേക്കിറങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ അതേകാരണത്താൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് അടുത്തദിവസമാണ്.
സാമൂഹികമാധ്യമങ്ങളുടെ ഭീഷണിചെറുക്കാൻ ഫലവത്തായ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന്, സർക്കാർ കർശന നടപടിയുമായി മുന്നോട്ടുപോകുക. രണ്ട്, സമൂഹത്തിൽ കിംവദന്തി പരത്തുന്ന തരത്തിലുള്ള സാമൂഹികമാധ്യമങ്ങളുടെ സവിശേഷതകൾ കണ്ടെത്തി പരിഹരിക്കുക. ആളെക്കൂട്ടാൻ നിർമ്മിതബുദ്ധിയെ വിനിയോഗിക്കുന്ന സാമൂഹികമാധ്യമങ്ങൾക്ക്‌ വ്യാജ വാർത്തകളെ ചെറുക്കുക അത്ര ശ്രമകരമായ ജോലിയാകില്ല. എന്നാൽ, ആ മാധ്യമത്തിന്റെ ‘വൈറൽ’ എന്ന സവിശേഷതയെ ആ നീക്കം ബാധിച്ചേക്കും.

വൈറൽ മാർക്കറ്റിങ് മുതൽ രാഷ്ട്രീയപ്രചാരണത്തെ വരെ അതു ബാധിച്ചെന്നിരിക്കും. തിരഞ്ഞെടുപ്പുകാലത്ത് സാമൂഹികമാധ്യമങ്ങൾക്കുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാവുന്നതാണ്. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫെയ്‌സ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ടുയർന്ന വിവാദം ഇന്ത്യൻ രാഷ്ട്രീയത്തിൽ വരെ പ്രകമ്പനങ്ങളുണ്ടാക്കിയതും നമ്മൾ കണ്ടതാണ്. ചില്ലിക്കാശിന് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സ്വഭാവസവിശേഷതകൾ അനുസരിച്ച് തരംതിരിച്ച ഡേറ്റ ലഭിക്കുന്ന കാലത്ത് സാമൂഹികമാധ്യമങ്ങളും രാഷ്ട്രീയരംഗവും വിപണിയും പരസ്പരം സഹായം
ചെയ്തു ജീവിക്കുന്നവരാണെന്നും നമ്മൾ മനസ്സിലാക്കണം.

ചില്ലിക്കാശ് ചെലവില്ലാതെ സമൂഹത്തിന്റെ താഴേത്തട്ടിൽ വരെ ആശയ പ്രചാരണം നടത്താൻ അവസരം തരുന്നതാണ്‌ സാമൂഹികമാധ്യമങ്ങൾ. അവയുടെ ശക്തി രാഷ്ട്രീയ നേതൃത്വവും അവരുടെ മനസ്സ് സാമൂഹിക മാധ്യമങ്ങളുടെ നേതൃത്വവും നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്നറിയാൻ സമീപകാല വിവാദങ്ങളിലേക്ക് കണ്ണോടിച്ചാൽ മതി. സാമൂഹികമാധ്യമങ്ങൾ ആളെ കൊല്ലുന്ന കാലത്ത് അതിന്റെ സുപ്രധാന സവിശേഷതകളിൽ തന്നെ നിയന്ത്രണങ്ങളേർപ്പെടുത്താൻ അസാമാന്യമായ രാഷ്ട്രീയ ഇച്ഛാശക്തിതന്നെ വേണ്ടിവരും. അതുണ്ടാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

പ്രശ്നം സാങ്കേതികം മാത്രമല്ല

സുഹൃത്തുക്കൾക്കിടയിൽ ലളിതമായി, സുരക്ഷിതമായി, വിശ്വസനീയമായി സന്ദേശങ്ങൾ കൈമാറാനുള്ള വ്യക്തിഗതമാധ്യമം എന്നാണ് വാട്‌സാപ്പിന് അവർ തന്നെ നൽകിയ നിർവചനം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കുവരെ ലളിതമായി ശബ്ദ, ദൃശ്യസന്ദേശങ്ങൾ വരെ നിമിഷ നേരത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് അയക്കാൻ സൗകര്യമൊരുക്കിയ മാധ്യമം. അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ സർക്കാർ സംവിധാനങ്ങൾക്കോ, വാട്‌സാപ്പിനു പോലുമോ സന്ദേശങ്ങൾ തുറന്നുനോക്കാൻ കഴിയാത്ത (എൻഡ് ടു എൻഡ് എൻക്രിപ്ഷൻ) മാധ്യമം. തീർത്തും വ്യക്തിപരമായതിനാലും മുഖ്യധാരാ മാധ്യമങ്ങളെക്കാളും അടുപ്പമുള്ളതിനാലും വിശ്വാസയോഗ്യമെന്ന് ക്രമേണ ഉപയോക്താക്കൾക്ക് തോന്നിയ മാധ്യമം. വാട്‌സാപ്പ് നൽകിയ നിർവചനം ഇങ്ങനെ വ്യാഖ്യാനിച്ചാൽ സമൂഹം നേരിടുന്ന ഇന്നത്തെ സുരക്ഷാ പ്രശ്നത്തിന് ഉത്തരം ലഭിക്കും.

വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് ഭരണകൂടം നേരിടുന്ന പ്രധാന ഭീഷണി. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വന്നതോടെ വാട്‌സാപ്പ് സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കാത്തതാണ് അന്വേഷണ ഏജൻസികളെ കുഴക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറച്ചുകൂടി ഭേദമാണ്. സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടാൽ വ്യാജ സന്ദേശങ്ങൾ കണ്ടെത്താനും നശിപ്പിക്കാനും ഫെയ്‌സ്ബുക്കിൽ കഴിയും. എന്നാൽ, ഏതെങ്കിലും ഉപയോക്താവിന്റെ ഫോണിൽനിന്ന്‌ വ്യാജ സന്ദേശങ്ങൾ വാട്‌സാപ്പിലൂടെ സഞ്ചരിച്ച് വീണ്ടും ഫെയ്‌സ്ബുക്കിലെത്തും. ഇതു തുടർന്നുകൊണ്ടിരിക്കുന്നതാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ നശിപ്പിക്കാനാവാത്തതിന് പിന്നിലെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹനാൻ വിഷയത്തിലും സാമൂഹികമാധ്യമങ്ങളിലെ ആക്രമണം കുറഞ്ഞിട്ടും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അവ സഞ്ചരിക്കുന്നത് കാണാം.

സമീപകാലത്ത് ഇത്തരം വ്യാജ സന്ദേശങ്ങൾ പടരുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ഫെയ്‌സ്‌ബുക്കിനും സഹോദരസംരംഭമായ വാട്‌സാപ്പിനും മുന്നറിയിപ്പ് നൽകിയതാണ്. ഒടുവിൽ നിർബന്ധിതരായപ്പോൾ മാത്രമാണ് ഉപയോക്താക്കൾ പോസ്റ്റുചെയ്യുന്നതാണെങ്കിലും അതിൽ വരുന്ന ‘ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് കമ്പനിക്ക് മാറി നിൽക്കാനാകില്ലെന്ന്’ സർക്കാരിന് അന്ത്യശാസനം കൊടുക്കേണ്ടിവന്നത്. സമ്മർദം കൂടിയപ്പോൾ സന്ദേശങ്ങൾ അഞ്ചുപേർക്കു മാത്രമേ ഒരു സമയം പങ്കുവെക്കാനാകൂ എന്ന എന്ന നിർദേശവുമായി വാട്‌സാപ്പ് രംഗത്തെത്തി. ഒരാൾ പങ്കുവെക്കുന്ന സന്ദേശം ലഭിക്കുന്ന അഞ്ചിലൊരാൾക്ക് വീണ്ടും അഞ്ചു പേർകൂടി പങ്കുവെക്കാമെന്ന സത്യം അവിടെയുണ്ടായിരുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ 256 പേരെ വരെ ഉൾപ്പെടുത്താം. അഞ്ചു ഗ്രൂപ്പുകളിലേക്കാണ് ഒരു വ്യാജസന്ദേശം പങ്കുവെക്കുന്നതെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ 1231 പേരുടെ ഫോണിൽ അതെത്തും. ഈ പ്രക്രിയ ആവർത്തിച്ചാൽ ഒരു വ്യാജസന്ദേശം രാജ്യം മുഴുവൻ പടരാൻ എത്ര നേരം വേണമെന്ന് ചിന്തിച്ചാൽ മതി.

Courtesy: mathrubhumi.com

Leave a Comment