ഒന്നും മായുന്നില്ല!

മൊബൈല്‍ ഫോണില്‍ ചെയ്യുന്ന ഒരുപ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് കരുതേണ്ട. കുറ്റവാളിയുടെ ആയുധംതന്നെ സൈബര്‍ ഉപകരണങ്ങളാവുന്ന പുതിയ കാലത്തു പൊലീസിന് ഏറ്റവും വിശ്വസിക്കാവുന്ന തെളിവുകളായി മൊബൈല്‍ ഫോണ്‍ രേഖകള്‍ മാറി. ന്യൂജെന്‍ ക്രിമിനലുകളെ ജയിലിലെത്തിക്കുന്ന സൈബര്‍ പഴുതുകള്‍ ധാരാളം…

അടുത്തകാലത്തായി, ഏതു ക്രിമിനല്‍ കേസ് എടുത്താലും ഏതെങ്കിലും പക്ഷത്ത് മൊബൈല്‍ ഫോണുണ്ട്. പലപ്പോഴും പ്രതികള്‍ക്കൊപ്പം, ചിലപ്പോള്‍ ഇരയ്‌ക്കൊപ്പം, മറ്റു ചിലപ്പോള്‍ സാക്ഷിക്കൊപ്പം. കേസ് എന്തുതന്നെയായാലും കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങുമ്പോള്‍ ഈ മൊബൈല്‍ ഫോണ്‍ കൂറുമാറി പൊലീസിന്റെ പക്ഷത്താവും. അത്രയധികം തെളിവുകളാണു മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഘട്ടത്തില്‍ പൊലീസിനു കൈമാറുന്നത്. അടുത്ത കാലത്ത് ഒരു ന്യായാധിപന്‍ ചോദിച്ചു: ”മൊബൈല്‍ ഫോണില്ലെങ്കില്‍ പൊലീസിനു കേസുകള്‍ തെളിയിക്കാന്‍ കഴിയില്ലേ…?”

മൊബൈല്‍ ഫോണില്ലാത്ത കാലത്തു കുറ്റകൃത്യങ്ങള്‍ എത്ര വിദഗ്ധമായാണു പൊലീസ് തെളിയിച്ചിരുന്നത്. പക്ഷേ, കുറ്റവാളിയുടെ ആയുധംതന്നെ സൈബര്‍ ഉപകരണങ്ങളാവുമ്പോള്‍ കുറ്റാന്വേഷണരീതികളിലും മാറ്റമുണ്ടാവും. ഓരോ കേസിലും ഇന്ത്യന്‍ തെളിവു നിയമപ്രകാരം പൊലീസിന് ഏറ്റവും വിശ്വസിക്കാവുന്ന തെളിവുകളാണു മൊബൈല്‍ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷനു നല്‍കുന്നത്. മൊബൈല്‍ ഫോണുകളെ ഒഴിവാക്കി വിചാരണ ഇന്നു സാധ്യമെന്നു തോന്നുന്നില്ല. ഇന്ത്യന്‍ വിവര സാങ്കേതിക നിയമം (ഐടി ആക്റ്റ് 2000) അതിന്റെ ശക്തി കാട്ടുന്ന കേസുകളാണ് ഓരോ ദിവസവും കോടതികളില്‍ വിചാരണ ചെയ്യപ്പെടുന്നത്. 2008-ലെ നിയമ ഭേദഗതിയോടെ ഇരട്ടി ശക്തി നേടിയ ഐടി ആക്ട്, ഒറ്റനോട്ടത്തില്‍ ചെറുതെന്നു തോന്നുന്ന പ്രവൃത്തികള്‍ക്കുപോലും കടുത്ത ശിക്ഷ ഉറപ്പാക്കി.

പൊതുജനങ്ങള്‍ ശ്രദ്ധിച്ച ഇത്തരം കേസുകളില്‍ മാത്രമല്ല, ജില്ലയില്‍ ഒരു ദിവസം രജിസ്റ്റര്‍ ചെയ്യുന്ന 80% കേസുകളില്‍ മൊബൈല്‍ ഫോണ്‍ സംബന്ധമായ ഒരു നിര്‍ണായക പരാമര്‍ശമെങ്കിലും കടന്നുവരുന്നുണ്ട്.

സൈബര്‍ ഫൊറന്‍സിക് എന്ന വഴികാട്ടി…
ഇതേക്കുറിച്ചു വിദഗ്ധര്‍ പറയുന്നത്: ”നിങ്ങളുടെ തലയിലെഴുത്തു മനസ്സുവച്ചാല്‍ മാറ്റാം, പക്ഷേ, സൈബര്‍ അടയാളങ്ങള്‍ മായ്ക്കാമെന്നു കരുതരുത്.” ഇന്റര്‍നെറ്റ് ഉപയോഗിച്ചു സ്വന്തം സ്വകാര്യതയില്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്നു കരുതേണ്ട; അത് എസ്.എം.എസായാലും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റായാലും ഭീകരപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതെന്ന പേരുദോഷം കേട്ട ‘ടെലിഗ്രാം മെസഞ്ചര്‍’ ആയാലും. സൈബര്‍ ലോകത്ത് എന്തെങ്കിലും രേഖപ്പെട്ടാല്‍ അതു മായാതെ കിടക്കും എന്നു ചുരുക്കം. എസ്.എം.എസ്, സോഷ്യല്‍ മീഡിയ പോസ്റ്റ്, ടെലിഫോണ്‍ വിളികള്‍, മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, പഴ്‌സനല്‍ കംപ്യൂട്ടറുകള്‍ എല്ലാം എണ്ണിപ്പെറുക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറുകള്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ പക്കലുണ്ട്. സ്വകാര്യതയെന്ന വാക്കിന് അര്‍ഥമില്ലാത്ത ഇടമാണു സൈബര്‍ ലോകം.

തെളിവുകള്‍ സ്വയം നഷ്ടപ്പെടുത്തുന്ന പൊലീസ്…
കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ തൊണ്ടിയായി പിടികൂടിയാല്‍ അതു പൊലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടറോ ഉദ്യോഗസ്ഥരുടെ സ്വകാര്യ കംപ്യൂട്ടറോ ഉപയോഗിച്ചു പരിശോധിച്ചു തെളിവ് അതിലുണ്ടെന്ന് ഉറപ്പാക്കുന്ന രീതി പൊലീസിനുണ്ട്. സിഡികള്‍, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, സ്മാര്‍ട്ട്‌ഫോണ്‍, ലാപ് ടോപ്പ്, ടാബ് എന്നിവയാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ തുറന്നു പരിശോധിക്കുക. സൈബര്‍ രംഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണു പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. ചില ഫയലുകള്‍ ഒരിക്കല്‍ മാത്രം ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ കഴിയുന്നതായിരിക്കും.

മറ്റു ചിലതു തുറന്നാല്‍, അതില്‍ രേഖപ്പെടുത്തിയ സമയക്രമത്തില്‍ മാറ്റംവരും. പലപ്പോഴും കേസ് വിചാരണയ്‌ക്കെത്തുമ്പോള്‍ പൊലീസിന്റെ ഇത്തരം പ്രവൃത്തികള്‍ പ്രോസിക്യൂഷനു തിരിച്ചടിയാവും. അടുത്തകാലത്തു നടി ആക്രമിക്കപ്പെട്ട കേസിലാണു പൊലീസ് ബുദ്ധിപരമായി നീങ്ങിയത്. കേസുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവ് തുടങ്ങി 15 ഉപകരണങ്ങളില്‍ ഒന്നുപോലും പൊലീസ് തുറന്നുനോക്കി പരിശോധിച്ചില്ല. എല്ലാം മുദ്രവച്ചു കോടതിയില്‍ സമര്‍പ്പിച്ചു. ഇതു മാതൃകയാക്കിയാല്‍ സൈബര്‍ കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കൂടുതല്‍ കരുത്തു നേടും.

 

Courtesy : Malayalai Vartha

Leave a Comment