സമൂഹ മാധ്യമങ്ങളിലെ സൈബർ കുറ്റങ്ങൾ
സോഷ്യൽ മീഡിയ ഉപയോഗം ഇക്കാലത്ത് സർവസാധാരണമാണ്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഉള്ളവരാണ്. മണിക്കൂറുകളോളം അവയിൽ ചെലവഴിക്കുകയും ചെയ്യും.
ഫേസ് ബുക്ക്, ട്വിറ്റർ, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ് തുടങ്ങിയവയിൽ ആർക്കാണ് അക്കൗണ്ട് ഇല്ലാത്തത് എന്നു ചോദിച്ചാൽ മതി. സോഷ്യൽ മീഡിയ ഉപയോഗം കൂടിയപ്പോൾ ബ്ലാക്ക്മെയിൽ, വഞ്ചന അപകീർത്തിപ്പെടുത്തൽ, അക്കൗണ്ട് ഹാക്കിംഗ് എന്നിങ്ങനെ സൈബർ കുറ്റങ്ങൾ പലതായി വർധിച്ചു.
പലരും സ്വന്തം അഭിപ്രായങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും പറഞ്ഞിട്ടുണ്ടാകും. പലർക്കും അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നിരിക്കാം.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരറിയാതെ തന്നെ തങ്ങൾക്കു ജയിലോ പിഴയോ കിട്ടാവുന്ന ചില ‘സൈബർ കുറ്റകൃത്യങ്ങൾ’ ചെയ്യാറുണ്ട്. അധികൃതർക്ക് കണ്ടെത്താനാവില്ലെന്ന ഉറച്ച വിശ്വസാത്തിൽ നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവരുമുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സാധാരണ സംഭവിക്കാവുന്ന സൈബർ കുറ്റകൃത്യങ്ങളും അതിന്റെ പരിണത ഫലങ്ങളും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
കമ്പ്യൂട്ടറോ അല്ലെങ്കിൽ ഇന്റർനെറ്റോ ഉപയോഗിച്ച് ചെയ്യുന്ന കുറ്റങ്ങളെയാണ് സൈബർ കുറ്റകൃത്യങ്ങളെന്ന് നിർവചിച്ചിരിക്കുന്നത്. ഇന്റർനെറ്റിലൂടെ മറ്റൊരാളുടെ വിവരങ്ങൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഡാറ്റ അനധികൃതമായി ആക്സസ് ചെയ്യുക, ഭീകര സംഘടനകളെ പിന്തുണയ്ക്കുക, അപകീർത്തിപ്പെടുത്തുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സൈബർ കുറ്റകൃത്യമായി കണക്കാക്കും.
വിവരങ്ങൾ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനും ഇന്റർനെറ്റ് ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുറമെ, പൊതു താൽപര്യത്തിനും ധാർമികതക്കും കൂടി ഊന്നൽ നൽകുന്നതാണ് സൗദി ആന്റി സൈബർ കുറ്റകൃത്യ നിയമം. എല്ലാവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും അവയുമായി ബന്ധപ്പെട്ട ശിക്ഷകളെ കുറിച്ചും വിശദമായി നിർവചിക്കുന്നതാണ് ഈ നിയമം.
സൗദി അറേബ്യയിൽ താമസിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ സജീവമായി ഉപയോഗിക്കന്നവർ സൈബർ കുറ്റകൃത്യങ്ങൾ എന്താണെന്നും സൗദി നിയമം അനുസരിച്ചുള്ള ശക്ഷകൾ എന്താണെന്നും മനസ്സിലാക്കിയിരിക്കണം.
പ്രധാന കുറ്റകൃത്യമായി കണക്കാക്കുകയോ അല്ലെങ്കിൽ മറ്റൊരു കുറ്റകൃത്യവുമായി ബന്ധിപ്പിക്കുകയോ ചെയ്യാവുന്നതാണ് സൈബർ കുറ്റം. സോഷ്യൽ മീഡിയ വഴി ചെയ്യുന്ന കുറ്റങ്ങൾ നിരവധിയാണ്. ഓരോന്നിനും കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ചുള്ള പിഴയുമുണ്ട്.
ഒരു വ്യക്തിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ വേണ്ടി അയാളുടെ കമ്പ്യൂട്ടറിലേക്ക് നിയമവിരുദ്ധ ആക്സസ് നേടുന്നത് സൈബർ കുറ്റമാണ്. ഇരയുടെ കമ്പ്യൂട്ടറിൽ അനധികൃതമായി പ്രവേശിച്ച ശേഷം ട്വിറ്റർ അല്ലെങ്കിൽ വാട്ട്സാപ് വഴി ഭീഷണിപ്പെടുത്തി പല കാര്യങ്ങൾ ചെയ്യിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
സോഷ്യൽ മീഡിയ വഴി ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നത് കുറ്റകരമാണ്. സംഭവങ്ങളിലും വാർത്തകളിലും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ ഇക്കാര്യം ഓർമ വേണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയോ അവയോട് വിയോജിക്കുകയോ ചെയ്യാം. എന്നാൽ അപകീർത്തിപ്പെടുത്തുക എന്നത് ഇതിൽനിന്ന് വ്യത്യസ്തമാണ്.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് സൗദി ആന്റി സൈബർ കുറ്റകൃത്യ നിയമം. മൊബൈൽ ക്യാമറ ഉപയോഗിച്ച് അനുമതിയില്ലാതെ ഫോട്ടോകൾ എടുക്കുന്നതും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതും കുറ്റകൃത്യമാണ്.
മേൽപറഞ്ഞ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു വർഷമോ അതിൽ കൂടുതലോ തടവോ അഞ്ച് ലക്ഷം റിയാൽ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുന്നവർക്ക് നാലു വർഷം വരെ തടവോ മൂന്ന് ലക്ഷം റിയാൽ പിഴയോ തടവും പിഴയും ഒരുമിച്ചോ ശിക്ഷ ലഭിക്കും.
മുകളിൽ പറഞ്ഞിരിക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻ റിപ്പോർട്ട് ചെയ്യണം.
കുറ്റകൃത്യം അന്വേഷിക്കാൻ സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ (ബിഐപിപി) ക്ക് പോലീസ് സ്റ്റേഷൻ റിപ്പോർട്ട് കൈമാറും.
സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ സംശയിക്കുന്നയാളെ തിരിച്ചറിയാൻ അന്വേഷണം നടത്തും.
സംശയിക്കപ്പെടുന്ന ആളെ തിരിച്ചറിഞ്ഞതിന് ശേഷമായിരിക്കും ചോദ്യം ചെയ്യാനായി സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുക.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകൾക്കും പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കാം.
സോഷ്യൽ മീഡിയ വഴി ചെയ്യുന്ന ചില കാര്യങ്ങൾ രാജ്യത്തിന്റെ പൊതുതാൽപര്യത്തെ ബാധിക്കുന്നതും ഗൗരവതരവുമായ സൈബർ കുറ്റകൃത്യങ്ങളായി മാറാം.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ദിവസം പലതരം വാർത്തകളും ചിത്രങ്ങളും വീഡിയോകളും ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരം പോസ്റ്റ് അല്ലെങ്കിൽ ട്വീറ്റ് അവർക്കു തടവോ പിഴയോ കിട്ടാവുന്ന കുറ്റകൃത്യമാകുമെന്ന് ചിലപ്പോൾ അറിഞ്ഞുകൊള്ളണമെന്നില്ല.
പൊതുജന താൽപര്യത്തിനെതിരായതും ധാർമികത ലംഘിക്കുന്നതുമായ ഉള്ളടക്കമാണ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ അത് വളരെ ഗൗരവത്തിലുള്ള കുറ്റമായിരിക്കും. സ്നാപ് ചാറ്റിലൂടെ കിംവദന്തി പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രശസ്ത വ്യക്തിയെ ഈയിടെ സൗദി അധൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജനങ്ങളുടെ സൈ്വര ജീവിതത്തിനു തടസ്സമാകുന്നതും മത ധാർമിക മൂല്യങ്ങൾ ഹനിക്കുന്നതും വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതുമായ വിവരങ്ങൾ സൂക്ഷിക്കുന്നതും കൈമാറുന്നതും കുറ്റകരമാണ്.
അശ്ലീല പ്രസിദ്ധീകരണം നിരോധിക്കപ്പെട്ട സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിലൂടെ അശ്ലീല സ്വഭാവമുള്ള ഏതെങ്കിലും പ്രസിദ്ധീകരിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ സൈബർ കുറ്റകൃത്യമാണ്.
മയക്കുമരുന്ന് ഉൽപന്നങ്ങളുടെ ഉപയോഗം സൗദി അറേബ്യയിൽ കുറ്റകൃത്യമായതിനാൽ നാർക്കോട്ടിക്സ് അല്ലെങ്കിൽ സൈക്കോട്രോപിക് ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും പരസ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും ഗുരുതരമാണ്. സോഷ്യൽ മീഡിയിയിലൂടെ ഇവയുടെ ഉപയോഗത്തിനു സഹായിച്ചാലും പ്രോത്സാഹിപ്പിച്ചാലും കുടുങ്ങും.
മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് അഞ്ചു വർഷം വരെ തടവും ഒപ്പം 30 ലക്ഷം റിയാൽവരെ പിഴയും ലഭിക്കാം. അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ചായിരിക്കും ശിക്ഷ. ഇത്തരം കേസുകളിൽ ആർക്കും നഷ്ടപരിഹാരം അവകാശപ്പെടാൻ കഴിയില്ല. കാരണം ഇത്തരം കുറ്റങ്ങൾ വ്യക്തികൾക്കുപരി രാജ്യത്തിന്റെ പൊതു താൽപര്യത്തെ ബാധിക്കുന്നവയാണ്..
Courtesy: malayalamnewsdaily.com