അക്കാദമിക ലേഖനങ്ങളുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അക്കാദമിക ലേഖനങ്ങളും വിവരങ്ങളും പ്രദാനം ചെയ്യുന്ന ഡിജിറ്റല്‍ ലൈബ്രറിയ്ക്ക് കേന്ദ്ര മാനവ വികസന മന്ത്രാലയം തുടക്കം കുറിച്ചു. ചൊവ്വാഴ്ച കേന്ദ്ര മാനവ വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഡിജിറ്റല്‍ ലൈബ്രറി പുറത്തിറക്കിയത്.

നിലവില്‍ പുസ്തകങ്ങള്‍, ഓഡിയോ ബുക്ക്‌സ്, ചിത്രങ്ങള്‍, ഉള്‍പ്പടെ 1.7 കോടിയോളം ഇനങ്ങളാണ് ഡിജിറ്റല്‍ ലൈബ്രറിയിലുള്ളത്. 170 ല്‍ അധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 200 ല്‍ അധികം ഭാഷകളിലുള്ളവയാണവ.

മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കിയത്. 2015 ലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഡിജിറ്റല്‍ ലൈബ്രറിയുടെ ബീറ്റാ പതിപ്പ് കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചിരുന്നു. ഇതുവരെ ആയിരക്കണക്കിനാളുകളാണ് ലൈബ്രറി ഉപയോഗിച്ചത്.

സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ ബീറ്റാ പതിപ്പ്  ലഭ്യമാക്കിയിരുന്നത്. ഇനി മുതല്‍ എല്ലാവര്‍ക്കും ഡിജിറ്റല്‍ ലൈബ്രറി പ്രയോജനപ്പെടുത്താന്‍ സാധിക്കും. നിലവില്‍ 30 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ഡിജിറ്റല്‍ ലൈബ്രറിയ്ക്കുണ്ട്.

 

Courtesy: mathrubhumi.com

Leave a Comment