ലൈസന്‍സും ആര്‍സിയുമൊക്കെ സര്‍ക്കാര്‍ ആപ്പുകളില്‍ സൂക്ഷിക്കാം

ഡ്രൈവിങ് ലൈസന്‍സിന്റേയും വാഹന രജിസ്‌ട്രേഷന്‍ രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പിന് നിയമ സാധുത നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാരിന്റെ തന്നെ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് സര്‍ക്കാര്‍ നിയമ സാധുത നല്‍കുന്നത്.

വളരെ മുമ്പ് തന്നെ ഈ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ സൂക്ഷിക്കുന്ന രേഖകള്‍ അധികൃതര്‍ സാധുവായി പരിഗണിച്ചിരുന്നില്ല. രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ പ്രയാസം അകറ്റുന്ന ഈ ആപ്പുകള്‍ക്ക് നിയമസാധുതയില്ലാത്തത് പരാതികള്‍ക്കിടയാക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് തന്നെ ഉണ്ടായിരിക്കുന്നത്.

എം പരിവാഹന്‍, ഡിജിലോക്കര്‍, പോലുള്ള ആപ്പുകളെ കുറിച്ച് കൂടുതലറിയാം.

എംപരിവാഹന്‍ ആപ്പ് 

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് എം പരിവാഹന്‍. ഗതാഗതവുമായി ബന്ധപ്പെട്ട് ഒന്നിലധികം സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനാണ് ഇത്.

വാഹനങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആപ്ലിക്കേഷനിലും ഇതേ സേവനം ലഭ്യമാണ്. വാഹനത്തിന്റെ നമ്പറും അടിസ്ഥാന വിവരങ്ങളും നല്‍കിയാല്‍ വാഹനമുടമയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാവും.

ആര്‍സി, ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും. അടിയന്തിര ഘട്ടങ്ങളില്‍ പരിസരത്തുള്ള ആര്‍ടി ഓഫീസുകള്‍ കണ്ടെത്തുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം.  റോഡില്‍ വാഹനത്തിരക്കുണ്ടോ എന്നറിയാന്‍ ട്രാഫിക് സ്റ്റാറ്റസ് പരിശോധിക്കാം.

നേരില്‍ കാണുന്ന വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും അധികൃതരെ അറിയിക്കാനും ഈ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. വാഹനാപകടങ്ങള്‍ക്കും ഗതാഗത നിയമ ലംഘനങ്ങള്‍ക്കും സാക്ഷിയായാല്‍ അതിന്റെ ഒരു ചിത്രമെടുത്ത് അപ്ലോഡ് ചെയ്താല്‍ മതി.  അധികൃതര്‍ നടപടി സ്വീകരിച്ചുകൊള്ളും.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും  ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

ഡിജി ലോക്കര്‍ ആപ്പ്

രാജ്യത്തെ പൗരന്മാര്‍ക്ക് ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് സൂക്ഷിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിജി ലോക്കര്‍. ഒന്നിലധികം ഔദ്യോഗിക രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക രേഖകള്‍ സൂക്ഷിക്കാന്‍ ഒരു ജിബി സ്‌റ്റോറേജ് ആണ് ഈ ആപ്ലിക്കേഷന്‍ വാഗ്ദാനം നല്‍കുന്നത്. വിദ്യാഭ്യാസ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, പാന്‍കാര്‍ഡ്, പോലുള്ളവ ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകളില്‍ ചിലതാണ്.

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കേ ഡിജി ലോക്കര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ഈ ആപ്പില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണം. അതിന് ശേഷം ഉപയോക്താക്കള്‍ക്ക് സ്വന്തം യുസര്‍നെയിമും പാസ് വേഡും നല്‍കാം. 2015 ല്‍ പ്രധാനമന്ത്രിയാണ് ഈ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

Courtesy: mathrubhumi.com

Leave a Comment