മലയാളം വായിച്ചു കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോ

വെബ് പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ ഇനി നിങ്ങള്‍ മെനക്കെട്ട് വായിക്കേണ്ട ആവശ്യമില്ല. ഗൂഗിള്‍ ഗോ ആപ്പ് വഴി വെബ് പേജ് തുറന്നാല്‍ അതിലുള്ള വിവരങ്ങളെല്ലാം ഗൂഗിള്‍ സ്വയം നിങ്ങളെ വായിച്ച് കേള്‍പ്പിച്ച് തരും. മൊബൈല്‍ സ്‌ക്രീനിലെ ചെറിയ ഫോണ്ടില്‍ നീളമേറിയ എഴുത്തുകളും മറ്റും വളരെ എളുപ്പത്തില്‍ ഒരു റേഡിയോ ശ്രവിക്കുന്ന പോലെ ഗോ ആപ്പിലൂടെ സുഖകരമായി കേട്ടിരിക്കാമെന്ന് ചുരുക്കം.

മലയാളം, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി 28 ഭാഷകളില്‍ മനുഷ്യ ശബ്ദത്തില്‍ വയിച്ച് കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോയ്ക്ക് സാധിക്കും. ഗൂളില്‍ സ്പീച്ച് സിന്തസിസും നാച്ചുറല്‍ ലാഗ്വേജ് പ്രോസസിങ് ടെക്‌നോളജിയും വഴിയാണ് ഗൂഗിളിന്റെ ഈ വായന. 40 ശതമാനത്തോളം ഡാറ്റ ലാഭിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആപ്പിന് സാധിക്കും. 2 ജി നെറ്റ്‌വര്‍ക്കില്‍ പോലും ആപ്പ് പ്രവര്‍ത്തിക്കുമെന്നും ഗൂഗിള്‍ പറയുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കു.

ഗോ ആപ്പ് വഴി നിങ്ങള്‍ക്ക് ആവശ്യമായ വെബ് പേജ് ഓപ്പണ്‍ ചെയ്ത് പ്ലേ ബട്ടണ്‍ അമര്‍ത്തേണ്ട ജോലി മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളു. തിരഞ്ഞെടുക്കുന്ന ഭാഷയില്‍ പേജിലുള്ള സകല വിവരങ്ങളും ഗൂഗിള്‍ വായിച്ച് നല്‍കും. വായനയുടെ സ്പീഡ് ആവശ്യാനുസരണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. വായിച്ച കാര്യങ്ങള്‍ പിന്നോട്ടടിച്ച് ഒന്നുകൂടി കോള്‍ക്കാനും ഫാസ്റ്റ് അടിക്കാനുമുള്ള സൗകര്യവും ഗോ ആപ്പില്‍ നല്‍കിയിട്ടുണ്ട്.

Courtesy: mathrubhumi.com

Leave a Comment